മിഷേൽ ഷാജിയുടെ ദുരൂഹമരണം; സിസിടിവി ദൃശ്യത്തിൽ കണ്ട യുവാക്കളെ സംശയം, പത്രപ്പരസ്യം നൽകി ക്രൈംബ്രാഞ്ച്
2017 മാര്‍ച്ച് ആറാം തീയതിയാണ് കൊച്ചി കായലില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജി(18)യുടെ മൃതദേഹം കണ്ടെത്തുന്നത്.
മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ തുടരന്വേഷണവുമായി ക്രൈം ബ്രാഞ്ച്. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചിരിക്കുന്നത്.ഈ യുവാക്കള്‍ ആരൊക്കെയാണെന്നു കണ്ടെത്താനാണ് ശ്രമം. സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ സഹിതം പത്രപരസ്യം നല്‍കിയിട്ടുമുണ്ട്.അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ മിഷേലിന്റെ മരണത്തിലെ ദുരൂഹതയന്വേഷിച്ച് ക്രൈം ബ്രാഞ്ച് യുവാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.
2017 മാര്‍ച്ച് ആറാം തീയതിയാണ് കൊച്ചി കായലില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജി(18)യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം ഹോസ്റ്റലില്‍ നിന്നും പുറത്തു പോയ മിഷേലിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് കായലില്‍ മൃതദേഹം കണ്ടെത്തുന്നത്. ഗോശ്രീ പാലത്തില്‍ നിന്നും കായലില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും പറഞ്ഞത്. എന്നാല്‍ കുടുംബം ആദ്യം മുതലേ മിഷേലിന്റെ മരണം ആത്മഹത്യയാകില്ല എന്ന നിലപാടിലായിരുന്നു. പൊലീസ് അന്വേഷണത്തില്‍ അലംഭവാം കാണിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഇതിനിടയില്‍ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണ്‍ സെബാസ്റ്റിയന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളും മിഷേലും തമ്മില്‍ അടുപ്പത്തിലായിരുന്നു. ക്രോണിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരുന്ന കലഹങ്ങളില്‍ മനംമടുത്താണ് മിഷേല്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാല്‍ കാണാതാകുന്ന ദിവസം(ഞായറാഴ്ച്ച) ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയ മിഷേല്‍ കലൂര്‍ പള്ളിയില്‍ പോയിരുന്നു. മാതാപിതാക്കളെ കാണണെന്നു പറഞ്ഞ് ഫോണ്‍ ചെയ്തിരുന്നുവെങ്കിലും അവര്‍ക്ക് വരാന്‍ കഴിയുന്ന സാഹചര്യമല്ലെന്നു പറഞ്ഞതിനു പിന്നാലെയാണ് മിഷേല്‍ ഹോസ്റ്റല്‍ വിട്ട് പുറത്തിറങ്ങിയത്. എറണാകുളം കച്ചേരിപ്പടിയില്‍ താമസിച്ചിരുന്ന മിഷേല്‍ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയതിന് ശേഷമാണ് കാണാതായത്. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇവിടെ വച്ചാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മിഷേലുമായി സംസാരിക്കുന്നതും പെണ്‍കുട്ടിയെ പിന്തുടരുന്നതും. ഇതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഈ യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഇവരുടെ മൊഴിയെന്താണെന്നു പക്ഷേ പൊലീസ് പുറത്തു പറയാന്‍ തയ്യാറായില്ല. പിന്നീടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തിട്ടില്ലെന്ന വിവരം പുറത്തു വരുന്നത്. ഇപ്പോള്‍ വീണ്ടും അതേ യുവാക്കളെ കണ്ടെത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. തങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഈ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആദ്യം മുതലെ അവഗണിക്കുകയായിരുന്നുവെന്നാണ് മിഷേലിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ യുവാക്കളുടെ മുഖം വ്യക്തമായി കാണാമെന്നിരിക്കെ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത് അവ്യക്തമായ ചിത്രങ്ങളാണെന്നും മിഷേലിന്റെ പിതാവ് മാധ്യമങ്ങളോട് പറയുന്നുണ്ട്. മിഷേലിന്റെ കൈകളില്‍ പിടിച്ചമര്‍ത്തിയതുപോലുള്ള പാടുകള്‍ നീലച്ചു കിടപ്പുണ്ടായിരുന്നുവെന്നും എന്നാലത് പോസ്റ്റ് മോര്‍്ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും പിതാവ് ഷാജി വര്‍ഗീസ് ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായും മിഷേലിന്റെ കുടുംബം നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.