കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ; കൊന്നത് വിഷം നൽകിയും ശ്വാസം മുട്ടിച്ചും
കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. തൃശൂർ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടെംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷം നൽകിയും ശ്വാസം മുട്ടിച്ചുമാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
ചേറ്റുപുഴ സ്വദേശിനിയായ ലോലിതയെ(42) കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കാണാതായത്. പൊള്ളാച്ചി – ധാരാപുരം റോഡരികിലുള്ള പറമ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിൽസയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു.
പിടിയിലായയാൾ ലോലിതയിൽനിന്നു സ്വർണവും പണവും കടം വാങ്ങിയിരുന്നു. തന്റെ സ്വർണം തിരികെ നൽകണമെന്ന് ലോലിത വാശി പിടിച്ചപ്പോൾ വിവാഹം കഴിക്കാം, ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.