എറണാകുളം: കാണാതായ യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്ന് 2021 ൽ കാണാതായ ജോൺ ലൂയിസിനെയാണ് (27) സുഹൃത്തുക്കൾ ഗോവയിൽ കൊലപ്പെടുത്തിയത് എന്ന് കൊച്ചി സിറ്റി പൊലീസാണ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ടു കോട്ടയം വെള്ളൂർ സ്വദേശി അനിൽ ചാക്കോ(28), ഇയാളുടെ പിതൃസഹോദരന്റെ മകൻ സ്റ്റെഫിൻ തോമസ് (24), വയനാട് മുട്ടിൽ നോർത്ത് സ്വദേശി ടി.വി.വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക തർക്കം, ലഹരി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിനെ കൊലപ്പെടുത്താൻ കാരണമെന്ന് പോലീസ് അറിയിച്ചു.
2021 നവംബറിലാണ് വീട്ടിൽ നിന്ന് ജെഫ് പോയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷവും മകൻ തിരിച്ചെതെത്താതിരുന്നു, തുടർന്നാണ് മാതാവ് പോലീസിൽ പരാതി നൽകിയത്. എങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. അടുത്തിടെ മറ്റൊരു കേസിൽ പിടിയിലായ ഒരാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ കേസിലേക്ക് അന്വേഷണം ഉണ്ടായത്. തുടർന്ന് ജെഫിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ, യാത്രാ വിവരങ്ങൾ എന്നിവ വച്ചും അന്വേഷണം നടത്തിയതാണ് അന്വേഷണം പ്രതികളിൽ എത്തിച്ചത്.
മൃതദേഹം പൊന്തക്കാടുകൾ നിറഞ്ഞ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു എന്നാണു ഇവർ പോലീസിനോട് പറഞ്ഞത്. അറസ്റ്റിലായ മൂവരും വിവിധ കേസുകളിൽ പ്രതികളാണെന്നും കൊലപാതകം സംബന്ധിച്ച കുറ്റം ഇവർ സമ്മതിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ അറിയിച്ചു. തുടർ അന്വേഷണത്തിലേക്ക് സൗത്ത് ഇൻസ്‌പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയിലേക്ക് പോകും.