ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു
Narendra Modi and Donald Trump
ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, യുഎസിനു ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കു തിരിച്ചടി തീരുവ (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് ഇളവ് നല്‍കാന്‍ ട്രംപ് തയ്യാറായില്ല.
വ്യാപാര കാര്യങ്ങളില്‍ ശത്രുരാജ്യങ്ങളേക്കാള്‍ മോശം നിലപാടാണ് സഖ്യരാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്ന് വിമര്‍ശിച്ച ട്രംപ് യുഎസിനു ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ച് അതേ നികുതി ചുമത്തുമെന്ന് ആവര്‍ത്തിച്ചു.
ഇന്ത്യയുമായി സൈനിക വ്യാപാരം വര്‍ധിപ്പിക്കും. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു - ട്രംപ് പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെച്ചാണ് ട്രംപ്-മോദി കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസില്‍ ഉണ്ട്.