Kerala Weather: ഇപ്പോ പെയ്യുന്നത് വെറും സാംപിള്‍ ! കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ; റെഡ് അലര്‍ട്ട് തുടരുന്നു
Monsoon: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്
Kerala Weather: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
അടുത്ത നാല് ദിവസം കൂടി പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തമായി തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം (ജൂണ്‍- സെപ്റ്റംബര്‍) സാധാരണയില്‍ കൂടുതല്‍ (ദീര്‍ഘ കാല ശരാശരിയുടെ 108%) ആയിരിക്കാന്‍ സാധ്യത. ജൂണ്‍ മാസത്തില്‍ പൊതുവെ സാധാരണ / സാധാരണയില്‍ കൂടുതല്‍ മഴയും പ്രതീക്ഷിക്കുന്നു.