കോഴിക്കോട്: പന്തീരങ്കാവിൽ യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ തെളിവുകളുമായി പൊലീസ്. മവോയിസ്റ്റ് കോഡ് ഭാഷയിലുള്ള നോട്ടുകൾ അറസ്റ്റിലായ താഹയുടെ വീട്ടിൽനിന്നും കണ്ടെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കിയിരികുന്നത്.
കോഡ് ഭാഷ വായിച്ചെടുക്കുന്നതിനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. പാലക്കാട് നടന്ന മാവോയിസ്റ്റ് യോഗത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. ഈ യോഗത്തിന്റെ മിനിറ്റ്‌സും കണ്ടെടുത്തിട്ടുണ്ട്. വയനാട്, നിലമ്പൂർ പാലക്കാട് എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണുന്നതിനായി ഇവർ പോയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും കൂടിക്കാഴ്ച നടന്നില്ല.
ഇവരുടെ ഫോൺ സംഭാഷണങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസിൽ യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം തേടിയിരുന്നു. ഇതോടെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ജില്ലാ കോടതി മാറ്റിവച്ചു.