പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍
എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിനു പൊട്ടല്‍ ഉണ്ടെന്നാണ് വിവരം.
പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിനു പൊട്ടല്‍ ഉണ്ടെന്നാണ് വിവരം. ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പൊട്ടല്‍ കണ്ടെത്തിയത്.
ഷാഫിക്ക് അഞ്ചുദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം പോലീസ് നരനായാട്ടിനു മുന്നില്‍ ഒരു ജനപ്രതിനിധിക്ക് പോലും രക്ഷയില്ലെന്ന് ടി സിദ്ധിക്ക് എംഎല്‍എ പറഞ്ഞു. പോലീസിനെ എല്ലാകാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓര്‍മ്മവേണമെന്നും ടി സിദ്ധിക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍ അല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ് പി പറയുന്നത്.
പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെ എന്ന് എസ്പി പറയുന്നു. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനങ്ങള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്.