മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്താൻ കേരളവും തമിഴ്‌നാടും തമ്മിൽ ധാരണ. മേൽനോട്ട സമിതിയുടെ നിർദേശം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കുകയായിരുന്നു. നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ല എന്ന് കോടതി നിർദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ പല ഘട്ടത്തിൽ കേരളത്തിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നു.
അതേസമയം, മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാമ്പിലേക്കെത്തി തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.15 അടിയായിരിക്കുകയാണ് ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാർ വിഷയം 30 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണെന്നും ആശങ്കയുടെ പ്രാധാന്യം മനസിലാക്കണമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്‌നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കി.