Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വിമാനയാത്രയും സുരക്ഷിതമല്ല: വിമാനയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുരളി തുമ്മാരുക്കുടി

ഒരു വിമാനയാത്രയും സുരക്ഷിതമല്ല: വിമാനയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുരളി തുമ്മാരുക്കുടി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 മെയ് 2024 (19:08 IST)
ഒരു വിമാനയാത്രയും സുരക്ഷിതമല്ലെന്ന് യുഎന്‍ ദുരന്തനിവാരണ വിഭാഗം വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. സിംഗപ്പൂര്‍ എയര്‍ ലൈന്‍സിലെ അപകടത്തെ കുറിച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റുചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍. അതിലാണ് ഇന്ന് തികച്ചും അപ്രതീക്ഷിതമായി ഒരപകടം ഉണ്ടാകുന്നത്.
വിമാനങ്ങള്‍ ആകാശത്തിലൂടെ പറക്കുമ്പോള്‍ ഇടക്കിടക്ക് അന്തരീക്ഷത്തിലെ മര്‍ദ്ദവ്യത്യാസം കൊണ്ടൊക്കെ വലിയ കുലുക്കം അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പോരും. സാധാരണഗതിയില്‍ ഇത് മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ വിമാനത്തിലുണ്ട്. അതറിഞ്ഞ് ക്യാപ്റ്റന്‍, സീറ്റ്‌ബെല്‍റ്റ് ഇടാനുള്ള നിര്‍ദ്ദേശം നല്‍കും.
 
എന്നാല്‍ ചിലപ്പോഴെങ്കിലും ഒട്ടും മുന്നറിയിപ്പില്ലാതെ ഈ സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് സീറ്റ് ബെല്‍റ്റ് ഇടാനുള്ള നിര്‍ദ്ദേശം സ്‌ക്രീനില്‍ ഇല്ലാത്തപ്പോഴും ലൂസ് ആയി സീറ്റ് ബെല്‍റ്റ് കുരുക്കിയിടാന്‍ പൈലറ്റുമാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ മിക്കവരും ഇത് പാലിക്കാറില്ല.
ഇത്തരം ഒരു സാഹചര്യമാണ് ഇന്നുണ്ടായത്. 211 യാത്രക്കാരുമായി ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് വന്നുകൊണ്ടിരുന്ന വിമാനം മ്യാന്മറിന് മുകളില്‍ വച്ച് പെട്ടെന്ന് ടര്‍ബുലന്‍സില്‍ പെട്ടു. മുപ്പതിനായിരം അടിയില്‍ പറന്നിരുന്ന വിമാനം  ഒറ്റയടിക്ക് എണ്ണായിരത്തോളം അടി താഴേക്ക് വന്നു എന്നാണ് വായിച്ചത്. മുന്‍കൂട്ടി വാണിംഗ് ഒന്നും ഉണ്ടായില്ല. ആ സമയത്ത് സീറ്റ് ബെല്‍റ്റ് ഇടാതിരുന്നവര്‍ മുകളിലേക്ക് ഉയര്‍ന്ന് തല മുകളില്‍ മുട്ടി. അനവധി ആളുകള്‍ക്ക് പരിക്കേറ്റു, ചിലര്‍ക്ക് ഗുരുതരമായി. ഒരാള്‍ മരണപ്പെട്ടു.വിമാന യാത്ര ചെയ്യുന്നവര്‍ വീണ്ടും വീണ്ടും ശ്രദ്ധിക്കുമല്ലോ. ഒരു വിമാനയാത്രയും പൂര്‍ണ്ണമായി സുരക്ഷിതമല്ല. പൈലറ്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നൂറു ശതമാനം പാലിക്കുക. സീറ്റ് ബെല്‍റ്റ് നിര്‍ദേശം ഇല്ലെങ്കില്‍ പോലും അത് ലൂസ് ആയിട്ടെങ്കിലും കുരുക്കിയിടുക, ഉറങ്ങുമ്പോള്‍ പോലും.
 
ഈ അപകടം സിംഗപ്പൂര്‍ എയര്‍ലൈനും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതിയും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. മരിച്ചിട്ട് മണിക്കൂറുകള്‍ ആയിട്ടും ആളുടെ പേരും മേല്‍വിലാസവും ഒന്നും ഇതുവരെ പബ്ലിക്ക് ആയി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 73 വയസ്സുള്ള ഒരു ബ്രിട്ടീഷുകാരന്‍ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അയാളുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. അയാളുടെ കുടുംബവും സുഹൃത്തുക്കളും മരണവാര്‍ത്ത സ്‌ക്രോളിംഗ് ന്യൂസില്‍ വായിക്കേണ്ട ദുര്യോഗം ഉണ്ടാക്കുന്നില്ല.  ആ കുടുംബത്തിന്റെ പിന്നാലെ കാമറയുമായി ആളുകള്‍ ഓടുന്ന സാഹചര്യവും ഒഴിവാക്കുന്നു.
നമ്മുടെ മാധ്യമങ്ങള്‍ നോക്കി പഠിക്കേണ്ടതാണ്.
 
അപകടം നടന്ന വിമാനവും ഗുരുതരമായി പരിക്കേല്‍ക്കാത്ത യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അത് സിംഗപ്പൂരില്‍ എത്തുന്‌പോള്‍ മറ്റു യാത്രക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മാറി മറ്റൊരു സ്ഥലത്താണ് യാത്രക്കാര്‍ ഇറങ്ങാന്‍ പോകുന്നത്. യാത്രക്കാരുടെ ബന്ധുക്കളെ മാത്രമേ അങ്ങോട്ട് കടത്തിവിടുന്നുള്ളൂ. അപകത്തില്‍പ്പെട്ട ഷോക്കില്‍ ഉള്ളവരുടെ മുന്നിലേക്ക് മൈക്കുമായി ആളുകള്‍ ചെല്ലുന്ന സാഹചര്യവും ഒഴിവാക്കപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ സ്ത്രീയും കാമുകനും കഠിനത്തടവ്