Publish Date: Thu, 31 Mar 2022 (14:28 IST)
Updated Date: Thu, 31 Mar 2022 (14:32 IST)
തിരുവനന്തപുരം: റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാനുള്ള ശ്രമത്തിലെ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. നേമം എസ്റ്റേറ്റ് വാർഡ് ലതിക നിവാസിൽ ഷാജിമോൻ എന്ന 36 കാരനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഡിസംബർ നാലാം തീയതി വൈകിട്ട് വെള്ളായണി കിരീടം പാലത്തിനടുത്ത് സായാഹ്‌ന സവാരി നടക്കവേ റിട്ടയേഡ് പൊലീസുകാരനായ മുരളീധര കുമാറിനെ ഷാജിമോനും മറ്റൊരാളും ചേർന്ന് ആക്രമിക്കുകയായിരുന്നു. കൂട്ടാളിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മുൻ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്ന് പോലീസ് വെളിപ്പെടുത്തി.
ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.ഐ വിപിൻ വിജയൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷാജിയെ പിടികൂടിയത്.