പത്തനാപുരം: തൊണ്ണൂറുകാരിയായ സ്ത്രീയുടെ മരണത്തിൽ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുമകൻ അറസ്റ്റിലായി. കാൻസർ ബാധിതയായ വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയാണ് മരണപ്പെട്ടത്. ഇവരുടെ മകളുടെ മകൻ ഉണ്ണി എന്ന സുരേഷ് കുമാറിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാൻസർ രോഗിയായ ഇവർ ചോര ഛർദ്ദിച്ചു മരിച്ചു എന്നാണു കരുതിയത്. കഴിഞ്ഞ ദിവസം രാവിലെ സംസ്കാരം നടത്താൻ മൃതദേഹം പുറത്തെടുത്തപ്പോൾ മൃതദേഹത്തിന്റെ തലയിൽ മുറിവും കഴുത്തിൽ പാടുകളും കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്നും കണ്ട്. തുടർന്നാണ് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്നും സ്ഥിരീകരിച്ചത്.
മരിച്ച പൊന്നമ്മ, ഇവരുടെ മകൾ സുമംഗല എന്നിവർ ഒരുമിച്ചായിരുന്നു താമസം. സുമംഗലയുടെ ടാക്സി ഡ്രൈവറായ മകൻ സുരേഷ് കുമാർ ഇവിടെ എത്തുമ്പോഴെല്ലാം പൊന്നമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എത്തിയപ്പോഴും ഇരുവരും തമ്മിൽ വഴക്കിട്ടു. ഇടയ്ക്ക് സുരേഷ് പൊന്നമ്മയെ മർദിച്ചു. വീടിനു പുറത്തായിരുന്നു സുമംഗല എത്തിയപ്പോൾ വായിലും ദേഹത്തും ചോര ഒലിപ്പിച്ച നിലയിൽ മരിച്ചു കിടക്കുന്ന പൊന്നമ്മയെ കണ്ടെങ്കിലും ഇവർ ഇത് പുറത്തു പറഞ്ഞിരുന്നില്ല.
കാൻസർ രോഗി ആയതിനാൽ ചോര ഛർദിച്ചു മരിച്ചതാകാം എന്നു അയൽക്കാരും നാട്ടുകാരും കരുതുകയും ചെയ്തു. പിന്നീടാണ് സംഗതി ആകെ മാറിയത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുമാർ സംഭവം പോലീസിനോട് സമ്മതിച്ചത്. കുന്നിക്കോട് പോലീസ് എസ്.എച്ച്. ഒ അൻവറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.