കോഴിക്കോട്: റമദാന്‍ നോമ്പ് കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി മുസ്‌ലീം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കും. മുസ്‌ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടിനിടയാക്കുമെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നോമ്പ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു പോലെ പ്രയാസമാകുമെന്നായിരുന്നു ഇടിയുടെ പ്രതികരണം. ഗള്‍ഫ് മലയാളികള്‍ക്കും പ്രവാസി വോട്ടവകാശം വേണമെന്നും ലീഗ് ആവശ്യം ഉന്നയിച്ചു. ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ലീഗ് വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തിലേയ്ക്ക് മാറ്റാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി.