തിരുവനന്തപുരം: കഴിഞ്ഞ ദിവസം തമിഴ്‌നാട് അതിർത്തിയായ പാറശാലയ്ക്കടുത്തുള്ള കുറുങ്കുട്ടി ചെക്പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അധിക സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്ന് 30000 രൂപ പിഴ ഈടാക്കി. രാവിലെ എട്ടു മണിയോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെ നീണ്ടു.
ഇത്തരം പാസഞ്ചർ വാഹനങ്ങളിൽ അധികവും തമിഴ്‌നാട്ടിൽ നിന്നെത്തിയ വാഹനങ്ങളായിരുന്നു. ഇതിനൊപ്പം പരിശോധന നടന്ന സമയത്ത് താത്കാലിക പെര്മിറ്റിൽ സീൽ പതിക്കാൻ എത്തിയ ചില വാണങ്ങളിലെ ഡ്രൈവർമാർ അഞ്ഞൂറ്, ഇരുനൂറു രൂപയുടെ നോട്ടുകൾ ആർ.സി.ബുക്കുകൾക്കുള്ളിൽ ചുരുട്ടി നൽകിയതും പിടികൂടി.
പിഴ ചുമത്താതിരിക്കാനാണ് ഇത്തരം രീതികൾ എന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ടെത്തി. പിഴ ഈടാക്കാതെ കൈക്കൂലി വാങ്ങി ഇത്തരം വാഹനങ്ങൾ വ്യാപകമായി കടത്തി വിടുന്നു എന്നും ആരോപണമുണ്ട്.