നന്ദന്‍കോട് കൂട്ടക്കൊല: പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കേഡലിന്റെ പുതിയ മൊഴി
കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് കേഡലിന്റെ മൊഴി
നന്ദന്‍കോട് അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തിനെ നാല് പേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ ഇടക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നു. കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമാണെന്ന മൊഴിയാണ് കേഡല്‍ അവസാനം നല്‍കിയിരിക്കുന്നത്. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമായതെന്നും കേഡല്‍ പൊലീസിനോട് വ്യക്തമാക്കി.
ഇത് തടയണമെന്ന് താന്‍ പലതവണം അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ അത് വകവെച്ചില്ല. ഇക്കാരണങ്ങള്‍കൊണ്ടാണ് അവര്‍ ഇരുവരേയും കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നു കരുതിയാണ് അവരേയും കൊലപ്പെടുത്തിയതെന്നും കേഡല്‍ മൊഴിനല്‍കി. ഏപ്രില്‍ രണ്ടിന് കൊലപാതം നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
ഡമ്മിയുണ്ടാക്കി പരിശീലിച്ചിരുന്നുവെന്നും കേഡല്‍ പൊലീസിനോട് വ്യക്തമാക്കി. അതിനിടെ, ചോദ്യം ചെയ്യലിനിടെ ഇതാദ്യമായി കേദല്‍ വികാരാധീനനാകുകയും കരയുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം നടന്ന കൊലപാതകം കഴിഞ്ഞ ഞായറാഴ്ചയാണ് പുറംലോകമറിയുന്നത്. വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലായിരുന്ന് നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.