ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണൻ അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച.
മുൻഷി എന്ന ടെലിവിഷൻ പരിപാടിയിലൂടെ “മുന്‍ഷി വേണു” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക് ഓടിയെത്തും. രണ്ടു വർഷത്തോളം വേണു മുൻഷിയിൽ തിളങ്ങി നിന്നിരുന്നു. കമൽ സംവിധാനം ചെയ്ത പച്ചക്കുതിര ആയിരുന്നു ആദ്യ സിനിമ. പിന്നീട് ചെറുതും വലുതുമായ അറുപതോളം സിനിമകളിൽ അഭിനയിച്ചു.
ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയിൽ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാൽ കഴിഞ്ഞ 10 വർഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്. കാണികളെ പൊട്ടിച്ചിരിപ്പിച്ച വേണുവിന്റെ ദിനങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. തെരുവിൽ അലഞ്ഞ് നടന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറിൽ എത്തിച്ചത്.