Publish Date: Tue, 21 Aug 2018 (19:47 IST)
Updated Date: Tue, 21 Aug 2018 (19:51 IST)
കൊച്ചി : സംസ്ഥാനത്ത കനത്ത പ്രളയകെടുതികളെ തുടര്‍ന്ന് ദേശീയ പാതയിലെ മൂന്നിടങ്ങളിൽ ടോൾ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം എന്നീ ടോള്‍ പ്ലാസകളില്‍ ഈ മാസം 26 വരെ ടോള്‍ പിരിക്കില്ലെന്നു ദേശീയപാതാ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് ടോൾ പിരിവ് നിർത്തിവച്ചിരിക്കുന്നത്. വിദേശത്തു നിന്നയക്കുന്ന ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്നും ജി എസ് ടിയില്‍ നിന്നും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
വിമാനത്താവളങ്ങളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ചില നിബന്ധനകള്‍ക്കു വിധേയമായി സന്നദ്ധ സംഘടനകൾക്കും തീരുവ ഇളവ് നൽകി ചരക്കുകള്‍ പെട്ടെന്നു വിട്ടുനല്‍കണമെന്ന് കസ്റ്റംസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു.