നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നേരത്തേ അപ്പീലില്‍ വിധി പറയാന്‍ മാറ്റിയിരുന്ന ഡിവിഷന്‍ ബെഞ്ച്, മഞ്ജുഷയുടെ അഭിഭാഷകന്‍ മാറിയതിനെ തുടര്‍ന്നു വീണ്ടും വിശദവാദം കേട്ടിരുന്നു. തുടര്‍ന്നാണു വിധി.
നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകന്‍ സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ അറിവോടെയല്ലെന്ന് പറഞ്ഞാണ് കുടുംബം നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകനെ മാറ്റിയത്.