ശ്രീജിത്തിനോട് ബഹുമാനം, പിന്തുണയ്ക്കുമ്പോൾ അപ്പോഴത്തെ ആവേശം മാത്രം കാണിച്ചാൽ പോര: നീരജ് മാധവ്
ശ്രീജിത്തിനു പിന്തുണയുമായി നീരജ് മാധവ്
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ കൊലയാളികൾക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ 760 ദിവസത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടൻ നീരജ് മാധവ്. സഹോദരന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിന്റെ ദൃഢമനസ് അഭിനന്ദനാർഹമാണെന്ന് നീരജ് സൗത്ത്‌ലൈവിനോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കൃത്യമായ ഉറപ്പ് ലഭിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ശ്രീജിത്തിന്റെ നിലപാടിനോട് തനിക്ക് ബഹുമാനമാണ് തോന്നുന്നതെന്നും നീരജ് പറഞ്ഞു. ഇത്തരം സമരങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ഞാനടക്കമുള്ള ആളുകള്‍ക്ക് അപ്പോഴത്തെ ആവേശം മാത്രമാണ് കാണാറുള്ളത്. എന്നാല്‍ ഇത്തരം കേസുകളില്‍ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് കൂടി അന്വേഷിക്കാന്‍ നാം തയ്യാറാകണമെന്നും നീരജ് പറഞ്ഞു.
അനുജന് വേണ്ടി രണ്ട് വർഷത്തിൽ അധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി പൃഥ്വിരാജ്, നിവിൻ പോളി, പാർവതി, പ്രിയങ്ക, ടോവിനോ തോമസ് എന്നിവരും രംഗത്തെത്തിയിരുന്നു. സമരപ്പന്തലിൽ നേരിട്ടെത്തിയാണ് ടൊവിനോ പിന്തുണ അറിയിച്ചത്.