Nemom Seat - 2026 Election: ദുര്‍ബലനെ നിര്‍ത്തിയാല്‍ 'മറ്റത്തൂര്‍ മോഡല്‍' വിമര്‍ശനം ഉയരും; തോല്‍ക്കുന്ന സീറ്റിലേക്ക് ശശി തരൂര്‍?
കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരനെ വീണ്ടും നേമത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബലിയാടാകാനില്ലെന്നു പറഞ്ഞ് പിന്മാറി
Publish Date: Sat, 07 Feb 2026 (11:12 IST)
Updated Date: Sat, 07 Feb 2026 (11:14 IST)
Nemom: ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള നേമം മണ്ഡലത്തിലേക്ക് ശക്തനായ സ്ഥാനാര്‍ഥിയെ തേടി കോണ്‍ഗ്രസ്. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാനെന്ന വിമര്‍ശനം ഉയരുമെന്നും അതിനാല്‍ എ ക്ലാസ് സ്ഥാനാര്‍ഥികളില്‍ ഒരാളെ നേമത്ത് ഇറക്കണമെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം.
കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരനെ വീണ്ടും നേമത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബലിയാടാകാനില്ലെന്നു പറഞ്ഞ് പിന്മാറി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പാര്‍ട്ടി കാരണമാണെന്ന വിമര്‍ശനം മുരളീധരനുണ്ട്. ഈ സാഹചര്യത്തിലാണ് മുരളി നേമം വേണ്ട എന്ന തീരുമാനമെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം എതിര്‍ശബ്ദം ഉയര്‍ത്താത്തത്.
ശശി തരൂര്‍ നേമത്ത് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കെ.എസ്.ശബരിനാഥന്റെ പേരും പരിഗണനയിലുണ്ട്. ബിജെപിക്കായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. രാജീവിനായുള്ള പ്രചരണം ബിജെപി ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി.ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കു പോയില്ലെങ്കില്‍ ജയം എല്‍ഡിഎഫിന് തന്നെയെന്നാണ് നേമത്തെ വിലയിരുത്തല്‍.
നേമം - 2016 തിരഞ്ഞെടുപ്പ് ഫലം
ബിജെപി - 67,813
സിപിഎം - 59,142
ജെഡിയു (യുഡിഎഫ്) - 13,860
നേമം - 2021 തിരഞ്ഞെടുപ്പ് ഫലം
സിപിഎം - 55,837
ബിജെപി - 51,888
കോണ്‍ഗ്രസ് - 36,524
മറ്റത്തൂരില്‍ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ നേമത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.