Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പോലെ നിപ പകരില്ല, പക്ഷേ അപകടസാധ്യത കൂടുതൽ: ജാഗ്രത

കൊവിഡ് പോലെ നിപ പകരില്ല, പക്ഷേ അപകടസാധ്യത കൂടുതൽ: ജാഗ്രത
, ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (14:21 IST)
കൊവിഡ് സംസ്ഥാനത്ത് നിന്നും ഇതുവരെ പോവാത്ത സഹചര്യത്തിൽ നിപ വൈറസിന്റെ വരവ് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ കൊവിഡിനെ പോലെ പകർച്ചാ നിരക്കുള്ള വൈറസല്ല നിപയുടേത്.
 
കൊവിഡ് ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും ലക്ഷണങ്ങൾ ഇല്ലാത്തവരിലേക്ക് പെട്ടെന്ന് പകരുന്ന അസുഖമാണെങ്കിൽ രോഗതീവ്രത കൂടിയ സമയങ്ങളിൽ പകരുന്ന അസുഖമാണ് നിപ. കൊവിഡിനെ അപേക്ഷിച്ച് അപകടസാധ്യത കൂടുതലായതിനാൽ നിപയ്ക്കെതിരെ കൂടുതൽ ജാഗ്രത ആവശ്യമാണ്.നിപ വൈറസിനെ പറ്റി ഇൻഫോ ക്ലിനിക്കിന്റെ പോസ്റ്റ് വായിക്കാം.
 
കോവിഡ് ഒരു വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിൽ നിപ്പയുടെ വാർത്ത കൂടി വരുന്നത് പലരിലും ആശങ്ക ജനിപ്പിക്കും. ആശങ്കകൾ സ്വാഭാവികം തന്നെ.
പക്ഷേ, കോവിഡ് പോലെ പകർച്ചാ നിരക്കുള്ള ഒരു അസുഖമല്ല നിപ്പ. പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണിത്. കോവിഡ് ചെറിയ ലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നു പോലും പകരുന്ന അസുഖം ആണെങ്കിൽ, രോഗതീവ്രത കൂടിയ സമയങ്ങളിൽ, അതായത് ശക്തിയായ രോഗലക്ഷണങ്ങൾ ഉള്ള അവസരങ്ങളിൽ പകരുന്ന അസുഖമാണ് നിപ്പ. എന്നാൽ കോവിഡിനെ അപേക്ഷിച്ചു അപകട സാധ്യത കൂടുതൽ ആണെന്നതാണ് നിപ്പയെ കൂടുതൽ ഭയത്തോടെ കാണാൻ കാരണം.
 
കോവിഡുയുമായി താരതമ്യം ചെയ്താൽ നിപ്പയിൽ മരണനിരക്ക് വളരെ കൂടുതൽ. 50 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള അസുഖമാണിത്. ബംഗ്ലാദേശ് സ്ട്രെയിനിന് 75 ശതമാനത്തിനു മുകളിൽ മരണനിരക്കും മലേഷ്യൻ സ്ട്രെയ്നിൽ ഏതാണ്ട് 50 ശതമാനം മരണനിരക്കും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2018-ൽ കോഴിക്കോട് ഉണ്ടായിരുന്ന അണുബാധയിലും കുറച്ചു ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എറണാകുളത്തു രോഗം സ്ഥിരീകരിച്ചപ്പോൾ ഒരു മരണം പോലും സംഭവിച്ചിരുന്നില്ല.
 
നിപ്പവൈറസിന്റെ സാന്നിധ്യം കേരളത്തിലെ പഴംതീനി വവ്വാലുകളിൽ കണ്ടെത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഈ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നിപ്പ അണുബാധ ഉണ്ടാകുന്നത്. പിന്നീട് വൈറസിന് ഒരു മനുഷ്യശരീരത്തിൽ നിന്നും മറ്റൊരു മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും. അങ്ങനെ ആണ് കൂടുതൽ രോഗികൾ ഒരു പ്രദേശത്ത് ഉണ്ടാകുന്നത്. വവ്വാലിൽ നിന്നും മനുഷ്യനിൽ എത്തുന്നത് ഒരു യാദൃശ്ചിക സംഭവം മാത്രം ആവാം. വവ്വാലിന്റെ സ്രവം അടങ്ങിയ പഴം ഭക്ഷിക്കുക,വവ്വാൽ സമ്പർക്കം ഏറ്റ മറ്റു മൃഗങ്ങളെ പരിപാലിക്കുക, വവ്വാലിന്റെ ശരീരം കൈ കൊണ്ടു സ്പർശിക്കുക തുടങ്ങിയ എന്തും ആവാം. പലപ്പോഴും ഇത് കൃത്യമായി കണ്ടെത്താൻ പറ്റാറുമില്ല. 
 
പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസമുട്ട് തുടങ്ങിയവയാണ് നിപ്പയുടെ ലക്ഷണങ്ങൾ. വയറിളക്കം, ഛർദി തുടങ്ങിയവയും ചിലപ്പോൾ കാണാറുണ്ട്. സാധാരണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ  5 മുതൽ 14 ദിവസത്തിനുള്ളിൽ ആണ് ലക്ഷണങ്ങൾ ഉണ്ടാവുക (incubation period).
ഇതുവരെ കൃത്യമായി മരുന്നോ വാക്‌സിനോ വികസിപ്പിച്ചിട്ടില്ലെങ്കിലും കോവിഡിന് വേണ്ടി നാം സ്വീകരിക്കുന്ന മുൻകരുതലുകൾ എല്ലാം നിപ്പയേയും പ്രതിരോധിക്കാൻ സഹായിക്കും എന്നതാണ് ഏറ്റവും നല്ല വശം. രോഗിയുടെ സ്രവങ്ങളിലൂടെ ആണ് കോവിഡും നിപ്പയും പകരുന്നത്. അതിനാൽ രോഗം വന്ന ആളിൽ നിന്നുമുള്ള സ്രവങ്ങൾ മറ്റൊരു ശരീരത്തിൽ എത്താതിരുന്നാൽ രോഗം പകരുന്നത് തടയാൻ സാധിക്കും. മാസ്കിന്റെ ഉപയോഗം, കൈ വൃത്തിയാക്കൽ എന്നിവയാണ് ഏറ്റവും പ്രധാനം.
 
ഏറ്റവും ശ്രദ്ധിക്കേണ്ടത് രോഗിയെ ശുശ്രൂഷിക്കുമ്പോഴാണ്. പനി ലക്ഷണം കണ്ടാൽ ഐസൊലേറ്റ് ചെയ്യണം. ഗുരുതരമായ പ്രശ്നം ഇല്ലാത്ത രോഗികൾ ആണെങ്കിൽ നിശ്ചിത അകലം പാലിക്കണം. ഗുരുതരമായ രോഗികൾ ആണെങ്കിൽ അവരെ പരിചരിക്കുമ്പോൾ N95 മാസ്ക്, gloves തുടങ്ങിയവ ഉപയോഗിക്കണം. കൈ സോപ്പിട്ടു കഴുകുന്നു എന്നു ഉറപ്പു വരുത്തണം. രോഗിയുടെ സ്രവങ്ങൾ വൃത്തിയാക്കുമ്പോഴും നല്ല ശ്രദ്ധ വേണം.
 
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ പ്രദേശത്തും ആശുപത്രിയിലും കോൺടാക്ട് ട്രെയ്സിങ് വളരെ പ്രധാനം ആണ്. രോഗിയുമായി സമ്പർക്കം വന്നവരെ കൃത്യമായി ഐഡൻറിഫൈ ചെയ്ത്, നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ സ്വീകരിച്ചാൽ അപകടങ്ങൾ കുറക്കാൻ കഴിയും.
ലോകത്ത് ഇതുവരെ ആകെ ആയിരത്തോളം പേരെ മാത്രമേ ഈ രോഗം ബാധിച്ചിട്ടുള്ളൂ. പകർച്ചാ നിരക്ക് അത്രയധികം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഭയം വേണ്ട, ജാഗ്രത ആണ് ആവശ്യം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ: മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം: നാലു വാർഡുകൾ പൂർണമായും അടച്ചു