Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 മാര്‍ച്ച് 2025 (17:23 IST)
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍  അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തിരുവനന്തപുരം ശാഖയും വിമന്‍ ഇന്‍ ഐ എം എ യും സംയുക്തമായാണ് തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്. 
 
മാര്‍ച്ച് 18 ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥിനി ഡോ.വന്ദനാ ദാസിനെ ഓര്‍മ്മിച്ചു കൊണ്ടാണ് 'നിര്‍ഭയ' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന് പുലര്‍ച്ചെയാണ് ഡോ വന്ദന ദാസ് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ടത്. മദ്യപിച്ചും ശരീരത്തില്‍ മുറിവേറ്റും വഴിയോരത്ത് കണ്ടെത്തി പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സ്‌കൂള്‍ അധ്യാപകനായ സന്ദീപാണ് അത്യാഹിത വിഭാഗത്തില്‍  അക്രമകാരിയായത്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും  മറ്റൊരാളെയും സന്ദീപ് ആക്രമിച്ചു.  ഡോക്ടര്‍ വന്ദനയൊഴികെ ചുറ്റുമുള്ളവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് കത്രിക കൈക്കലാക്കിയ സന്ദീപ്, ഡോ. വന്ദനയെ അതുപയോഗിച്ച് നെഞ്ചിലും കഴുത്തിലും പതവണ കുത്തി പരിക്കേല്പിക്കുകയായിരുന്നു. വന്ദനയെ ഉടന്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
സ്ത്രീകള്‍ നേരിടുന്ന അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദവും അനായാസവുമായി എങ്ങിനെ പ്രതിരോധിക്കാനാവുമെന്നും സ്വയരക്ഷ എങ്ങിനെ ഉറപ്പാക്കാനാവുമെന്നും കാണിച്ചു തരുന്ന പരിശീലനമാണ് തിരുവനന്തപുരത്തെ അഗസ്ത്യം കളരി നല്‍കുന്നത്.
വന്ദന സംഭവത്തിന്റെ പുനരാവിഷ്‌കാരവും പരിപാടിയുടെ ഭാഗമായുണ്ടാവും.
 
വിവിധ മേഖലകളിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷിയും നല്‍കാനുതകുന്ന പരിശീലന പരിപാടി 'ശക്തി 'യെന്ന പേരില്‍ കേരളത്തിലും രാജ്യത്താകമാനവും അഗസ്ത്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പോലീസിനും വിവിധസേനാ വിഭാഗങ്ങള്‍ക്കുമുള്‍പ്പെടെ നിരവധി പരിശീലന പരിപാടികളാണ് അഗസ്ത്യം കളരിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആയോധന പരിശീലകനും അഗസ്ത്യം ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ മഹേഷ് ഗുരുക്കളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത്.
 
ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ജനറല്‍ ആശുപത്രിക്കെതിര്‍വശത്തുള്ള ഐ എം എ ബ്രാഞ്ച് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോ.മഹേഷ് ഗുരുക്കള്‍ നേരിട്ട് പരിശീലനം നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം