Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്തുന്നു! പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്തുന്നു! പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 മെയ് 2024 (17:41 IST)
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചകളെ ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു.
 
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
 
ഈസ് ഓഫ് ഡുയിങ് ബിസിനസ് പരിഷ്‌കരണങ്ങള്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവപല്‌മെന്റ് ഫണ്ട് വിനിയോഗം, കോടതികളില്‍ സര്‍ക്കാരിന്റെ കേസുകള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്ങള്‍ നിര്‍ദേശിക്കാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും രണ്ടു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ കണ്ടെത്താനും ഈ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.
 
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിവിധ മേഖലകളും വിഷയങ്ങളും ഈ യോഗത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ 12 ദിവസം സംസ്ഥാനത്തു മദ്യ വില്‍പ്പന ഇല്ല എന്നതിനപ്പുറം ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ യോഗങ്ങള്‍, ഇന്‍സെന്റീവ് യാത്രകള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍വന്‍ഷന്‍, എക്‌സിബിഷന്‍ തുടങ്ങിയ ബിസിനസ് സാധ്യതകള്‍ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നു എന്ന വിഷയം ഉന്നയിക്കപ്പെട്ടു. ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം എത്രയെന്നു വസ്തുനിഷ്ടമായി വിലയിരുത്തണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷം വിശദമായ കുറിപ്പ് സമര്‍പ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്കു ചീഫ് സെക്രട്ടറി യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിശോധിച്ച ശേഷം കുറിപ്പ് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു സ്റ്റേക് ഹോള്‍ഡര്‍മാരുമായി ടൂറിസം ഡയറക്ടര്‍ സ്ഥിരമായി യോഗം ചേരാറുള്ളതാണ്. അവരുടെ അഭിപ്രായങ്ങള്‍ ലഭ്യമാക്കി അവ പരിശോധിക്കുന്നതും അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും പതിവായി നടക്കുന്ന കാര്യമാണ്.
 
ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യം വ്യവസായം, ടൂറിസം മേഖലകളിലെ സ്റ്റേക് ഹോള്‍ഡേഴ്‌സിന്റെ ഭാഗത്തുനിന്നു വളരെ മുന്‍പുതന്നെ ഉയര്‍ന്നുവന്നിട്ടുള്ള കാര്യമാണ്. എക്‌സൈസ് വകുപ്പിലും സ്റ്റേക് ഹോള്‍ഡേഴ്‌സിന്റെ ഭാഗത്തുനിന്നു സമാനമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരി നാലിനു ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലും ഈസ് ഓഫ് ഡുയിങ് ബിസിനസിന്റെ ഭാഗമായി മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു സ്റ്റേക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച വിഷയങ്ങളിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
 
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളുടെ ആലോചന ഉദ്യോഗസ്ഥതലത്തില്‍ മാത്രം നടന്നിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കിയത് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കടമയുടെ ഭാഗമാണ്. ഇതു പതിവായി നടക്കുന്നതുമാണ്. ഇതിനെയാണ് ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ച് മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഉരുള്‍പ്പൊട്ടലില്‍ ഏഴുവീടുകള്‍ തകര്‍ന്നു; കളമശേരിയില്‍ 400 വീടുകളില്‍ വെള്ളം കയറി