ആലപ്പുഴയില്‍ മരണപ്പെട്ട സാവന് പേവിഷബാധയേറ്റതെങ്ങനെയെന്ന് ഒരു വിവരവുമില്ല; നായ കടിച്ചതിന്റെ ഒരു പോറല്‍ പോലും ഇല്ല
ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, കൊല്ലത്തെ നിയ എന്നിവരാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് തെരുവു നായയുടെ കടിയേറ്റ് പേവിഷബാധയേറ്റു മരിക്കുന്നവരില്‍ ഏറെയും കുട്ടികളാണ്. ഈ വര്‍ഷം ഇതുവരെ നാലു കുഞ്ഞുങ്ങളാണ് പേവിഷബാധയേറ്റ് മരണപ്പെട്ടത്. ആലപ്പുഴയിലെ സാവന്‍, പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, കൊല്ലത്തെ നിയ എന്നിവരാണ് മരണപ്പെട്ടത്.
ഫെബ്രുവരിയിലാണ് സാവന്‍ മരണപ്പെട്ടത്. പനിച്ചുവിറച്ച കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പകയും വന്നു. കാരണം എന്താണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല. ആശുപത്രിയിലെത്തി മൂന്നാം ദിവസമാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി പത്തിന് സാവന്‍ മരണപ്പെട്ടു. കുട്ടിയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ലെന്ന് സാവന്റെ അമ്മൂമ്മ പറയുന്നു. കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ കഴുത്തിലും തലയിലും മുഖത്തും ഒക്കെ പരുക്ക് പറ്റുന്നത് ഗുരുതരമാകും. പേവിഷബാധിച്ച് നായയുടെ ലക്ഷണം അത് കടിക്കാന്‍ വേണ്ടി ശ്രമിക്കും എന്നുള്ളതാണ്. റാബിസ് വൈറസ് ശരീരത്തില്‍ രണ്ട് വര്‍ഷം വരെ ഉണ്ടാവാം. നായയുടെ കടിയേറ്റാല്‍ വീട്ടില്‍ പറയാന്‍ പേടിച്ച് കുഞ്ഞുങ്ങളിക്കാര്യം ഒളിപ്പിച്ചുവെച്ചേക്കാം. കുട്ടികളുടെ പേടി മാറ്റുകയും ചികിത്സ ഉറപ്പാക്കുകയും ആണ് ആദ്യം ചെയ്യേണ്ടത്. മുറിവേറ്റ ഭാഗത്ത് 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.