സഹനടനായി തുടങ്ങി നായക നിരയിലേക്ക് ഉയർന്ന ആളാണ് ലുക്മാൻ അവറാൻ. ലുക്മാന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം ആലപ്പുഴ ജിംഖാന ആണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി ജോഷ്വ എന്ന ബോക്സിങ് പരിശീലകന്റെ വേഷത്തിലാണ് ലുക്മാൻ എത്തിയത്. ചിത്രത്തിന് വേണ്ടി ശരിക്കും പണിയെടുത്തിട്ടുണ്ടെന്ന് ലുക്മാൻ ചിത്രത്തിന്റെ പ്രൊമോഷൻ സമയങ്ങളിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനായി ആറ് മാസത്തോളം ബോക്സിങിലും വെയ്റ്റിങ്ങിലും താൻ പരിശീലനം നടത്തിയെന്ന് പറയുകയാണ് ലുക്മാൻ. രാവിലെ എഴുന്നേറ്റ് ട്രെയിനിങ്ങിന് ശേഷം താൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന് പോകുമെന്നും ലുക്മാൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണവും ചിത്രം നേടി.
'ഞാൻ രാവിലെ എഴുന്നേറ്റ് കോച്ച് ജോഫിൽ ലാലിനൊപ്പം ട്രെയിനിങ്ങിന് പോകും. പരിശീലനം കഴിഞ്ഞ് ഒരു പോർട്ടബിൾ ജിം കിറ്റുമായി മറ്റൊരു സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് പോകും. അവിടെ രാത്രിയിൽ പോലും വീഡിയോ കോളിലൂടെയും മറ്റും ഞാൻ ട്രെയിൻ ചെയ്യുമായിരുന്നു. ബോക്സർമാർക്ക് വളരെ വ്യത്യസ്തമായ ഒരു താളമുണ്ട്. അവരുടെ ഓരോ പഞ്ചും, ഓരോ സ്ലിപ്പും, ഓരോ നീക്കവും എല്ലാം നോക്കി അതുപോലെ തന്നെ ചെയ്യണമായിരുന്നു. അവർ ചെയ്യുന്നതുപോലെയൊക്കെ നമ്മളും ചെയ്യണം. അതിൽ നമുക്ക് കള്ളത്തരം ഒന്നും കാണിക്കാൻ പറ്റില്ല.
ഞങ്ങളിൽ ആർക്കും ബോക്സിങ് പശ്ചാത്തലം ഉണ്ടായിരുന്നില്ല. ശരിക്കുമുള്ള ബോക്സർമാരെ കണ്ടപ്പോഴാണ് ഇത് എത്രത്തോളം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലായത്. ഇത്രയും കർശനമായ ഭക്ഷണക്രമങ്ങളോ നേരത്തെ എഴുന്നേൽക്കുന്ന പതിവുകളോ ഒന്നും ഞങ്ങൾക്ക് ആർക്കും ഉണ്ടായിരുന്നില്ല. ആ സമയത്ത് വീട്ടിലുള്ളവരെയും വീട്ടിലെ ഭക്ഷണവുമൊക്കെ ഒരുപാട് മിസ് ചെയ്തിരുന്നു. ഞങ്ങൾ കരഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. പിന്നെ കണ്ണാടിയിൽ നോക്കുമ്പോൾ നമുക്ക് മാറ്റാം കാണാം. അതാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്', ലുക്മാൻ പറഞ്ഞു.