75 വര്‍ഷമായി പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുളള നംഗലിനും ഭക്രയ്ക്കും ഇടയില്‍ ഓടുന്ന ഭക്ര-നംഗല്‍ ട്രെയിനാണ് 13 കിലോമീറ്റര്‍ വരെയുള്ള യാത്രയില്‍ യാത്രക്കാരെ പൂര്‍ണ്ണമായും സൗജന്യമായി കൊണ്ടു പോകുന്നത്. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങള്‍ക്ക് പേരുകേട്ട ഒരു രാജ്യമായ ഇന്ത്യയില്‍ ഇത് അപൂര്‍വ്വമായ കാര്യമാണ്. 1948-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതും പ്രധാനപ്പെട്ടതുമായ അണക്കെട്ടുകളിലൊന്നായ ഭക്ര-നംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയിലാണ് ഈ ട്രെയിനിന്റെ കഥ ആരംഭിക്കുന്നത്.
തുടക്കത്തില്‍ ഡാം സൈറ്റിലേക്ക് തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും എത്തിക്കുന്നതിനായിരുന്നു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ദിവസേന സര്‍വീസ് നടത്തുന്ന ഭക്ര-നംഗല്‍ ട്രെയിന്‍ 27.3 കിലോമീറ്റര്‍ റൗണ്ട് ട്രിപ്പ് നടത്തുന്നു. ലേബര്‍ ഹട്ട്, ബര്‍മല, നഹ്ല തുടങ്ങിയ സ്റ്റേഷനുകളിലാണ് യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
കുന്നുകള്‍ക്ക് കുറുകെ ചിതറിക്കിടക്കുന്ന ഈ സ്റ്റേഷനുകളില്‍ പ്രദേശവാസികളും സ്‌കൂള്‍ കുട്ടികളും വിനോദസഞ്ചാരികളുമാണ് യാത്രക്കാര്‍. ഏകദേശം 30 മിനിറ്റ് സമയമെടുക്കുന്ന യാത്രയാണിത്.