Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല
						
		
						
				
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്
			
		          
	  
	
		
										
								
																	Kerala Weather: തിമിര്‍ത്തുപെയ്ത കാലവര്‍ഷം ചെറിയൊരു ഇടവേളയെടുക്കുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പില്ല. കാലവര്‍ഷം ഏതാനും ദിവസത്തേക്ക് ദുര്‍ബലമായി തുടരും. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 
 
									
										
								
																	
	 
	ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ 
	 
	കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
 
									
											
									
			        							
								
																	
	 
	വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
 
									
					
			        							
								
																	
	 
	ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
 
									
					
			        							
								
																	
	 
	ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
 
									
					
			        							
								
																	
	 
	കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
 
									
			                     
							
							
			        							
								
																	
	 
	ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
 
									
			                     
							
							
			        							
								
																	
	 
	തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
 
									
			                     
							
							
			        							
								
																	
	 
	കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
 
									
			                     
							
							
			        							
								
																	
	 
	പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
 
									
			                     
							
							
			        							
								
																	
	 
	കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
 
									
			                     
							
							
			        							
								
																	
	 
	നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.