തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ജയിച്ചു വന്ന വാര്‍ഡ് അംഗങ്ങള്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പല തരത്തിലുള്ള സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിയാണ് സ്ഥാനമേറ്റത്. കോട്ടയത്തും അയ്മനത്തും ബി.ജെ.പി അംഗങ്ങള്‍ രണ്ട് പേര്‍ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോട്ടയം നഗരസഭയിലെ കണ്ണാടിക്കടവ് വാര്‍ഡിലെ വിജയി ശങ്കരനും അയ്മനം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് ജയിച്ച ദേവകി ടീച്ചറുമാണ് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
കോഴിക്കോട്ടും കണ്ണൂരും ബി.ജെ.പി അംഗങ്ങള്‍ ശ്രീരാമ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റത്. കോഴിക്കോട്ടെ വടകര ചോറോട് പഞ്ചായത്തംഗം പ്രിയങ്ക.സി.പി, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാട് വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ.ഷൈജു എന്നിവരാണ് ശ്രീരാമ നാമത്തില്‍ സത്യാ പ്രതിജ്ഞ ചെയ്തത്.
അതെ സമയം കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ അനുരാധ തായാട്ട് അയ്യപ്പനാമത്തിലും ശിവപ്രസാദ്, സത്യഭാമ എന്നിവര്‍ ധര്‍മ്മ ശാസ്താവിന്റെ നാമത്തിലുമാണ് സത്യാ പ്രതിജ്ഞ ചെയ്തത്.
അതെ സമയം തൃപ്പൂണിത്തുറ നഗരസഭയില്‍ പ്രധാന പ്രതിപക്ഷമായി മാറിയ ബി.ജെ.പി അംഗങ്ങള്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ഇതിനൊപ്പം ഇത്തവണ ബി.ജെ.പി ഭരിക്കാന്‍ തയ്യാറെടുക്കുന്ന പന്തളം നഗരസഭയിലെ ബി.ജെ.പി അംഗങ്ങള്‍ ഈശ്വര നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.