Publish Date: Sun, 28 Feb 2021 (09:07 IST)
Updated Date: Sun, 28 Feb 2021 (09:10 IST)
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രി കള്ളം മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയിട്ടും പറ്റാതെ വന്നപ്പോഴാണ് കരാര്‍ റദ്ദാക്കിയത്. ശരിയായ കാര്യങ്ങളാണ് ചെയ്തതെങ്കില്‍ സര്‍ക്കാരിന് സത്യം പറഞ്ഞാല്‍ പോരേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.