Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇറാഖില്‍ നിന്ന് നഴ്‌സുമാരെ രക്ഷിച്ചത് അവർ ക്രിസ്ത്യാനിയായതുകൊണ്ടല്ല, ഇന്ത്യക്കാരായതിനാല്‍’ ; മോദിക്ക് ഉമ്മൻചാണ്ടിയുടെ കിടിലൻ മറുപടി

ആ 46 നഴ്‌സുമാരുടെ കണ്ണീരും വിഷമവും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലായിരുന്നു...

'ഇറാഖില്‍ നിന്ന് നഴ്‌സുമാരെ രക്ഷിച്ചത് അവർ ക്രിസ്ത്യാനിയായതുകൊണ്ടല്ല, ഇന്ത്യക്കാരായതിനാല്‍’ ; മോദിക്ക് ഉമ്മൻചാണ്ടിയുടെ കിടിലൻ മറുപടി
, ശനി, 24 ഫെബ്രുവരി 2018 (17:08 IST)
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരും പറഞ്ഞ് വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2014ല്‍ ഇറാഖില്‍ നിന്നും മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയത് ബിജെപി സര്‍ക്കാരാണെന്നും ആ നഴ്സുമാര്‍ എല്ലാവരും ക്രിസ്ത്യാനികളാണെന്നുമായിരുന്നു മോദിയുടെ വാദം. ഇതിനെതിരെയാണ് ഉമ്മൻചാണ്ടിയുടെ മറുപടി.
 
ഇറാഖില്‍ ഐസ് ഭീകരര്‍ ബന്ധികളാക്കിയ 46 മലയാളി നഴ്‌സുമാരെ 2014 ജൂലൈ മാസത്തിലാണ് നാട്ടിലെത്തിക്കുന്നത്. അന്നത്തെ യു ഡി എഫ് നേതൃത്വത്തിലുള്ള സംസഥാന സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമഫലമായിട്ടായിരുന്നു അതെന്ന് ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി,
 
മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍, കേരളത്തിലെ നഴ്‌സുമാരെ കുറിച്ചുള്ള അങ്ങയുടെ പരാമര്‍ശം ഖേദകരമാണ്.ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാന മന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം പ്രധിഷേധകരമായ വാക്കുകളാണ് അങ്ങയുടേത്. ഇറാഖില്‍ ഐസ് ഭീകരര്‍ ബന്ധികളാക്കിയ 46 മലയാളി നഴ്‌സുമാരെ 2014 ജൂലൈ മാസത്തിലാണ് നാട്ടിലെത്തിക്കുന്നത്. അന്നത്തെ യു ഡി എഫ് നേതൃത്വത്തിലുള്ള സംസഥാന സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും സംയുക്ത ശ്രമഫലമായിട്ടായിരുന്നു അത്. അന്ന് ഗള്‍ഫിലുള്ള മലയാളി സമൂഹവും അതിനു വലിയ പിന്തുണയായിരുന്നു നല്‍കിയത്. ആ 46 നഴ്‌സുമാരുടെ കണ്ണീരും വിഷമവും തളം കെട്ടിയ കുടുംബങ്ങളുടെ പ്രയാസങ്ങള്‍ക്കും, ആ സംഭവത്തില്‍ ആദ്യാവസാനം സാക്ഷിയാകാനും കഴിഞ്ഞിരുന്ന ഒരാളെന്ന നിലയില്‍ നിസംശയം പറയാം, അന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത് ആ നഴ്‌സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ചു ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരമായിരുന്നു. ആപത്തില്‍പ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ള വ്യഗ്രതയുമായിരുന്നു ഏവര്‍ക്കും ഉണ്ടായിരുന്നത്. അങ്ങയുടെ സഹപ്രവര്‍ത്തകയായ ശ്രീമതി സുഷമ സ്വരാജിനും ഇതില്‍ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ല.
 
ഇതിനെയാണ് അങ്ങ് മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ക്ക് വേണ്ടി നിസ്സാരവല്‍ക്കരിച്ചതും, അപമാനിച്ചതും. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാണ് നമ്മുടെ പ്രത്യേകത. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും,സിഖുകാരനും,ബുദ്ധ,ജൈന,പാഴ്‌സി മത വിശ്വാസികളും വിശ്വാസത്തിനപ്പുറം, ആപത്തിലായാലും, ആഘോഷത്തിലായാലും ഭാരതീയര്‍ എന്ന ഒറ്റ വികാരത്തില്‍ ജീവിക്കുന്നവരാണ്.ഈ പരാമര്‍ശത്തിന് മുന്‍പ് നമ്മുടെ ഭരണഘടനയെങ്കിലും അങ്ങേക്ക് ഓര്‍ക്കാമായിരുന്നു.
 
മുന്‍പ് ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തു ബി ജെ പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്നായിരുന്നു ഇറ്റാലിയന്‍ നാവികര്‍ കൊലപ്പെടുത്തിയ മലയാളി മത്സ്യ തൊഴിലാളികളുടെ കുറ്റവാളികളുടെ മോചനവുമായി ബന്ധപ്പെട്ടു നടന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷയായിരുന്ന ശ്രീമതി സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം പ്രയോജനപ്പെടുത്തി അവര്‍ രക്ഷപെടും എന്നായിരുന്നു താങ്കള്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ . എന്നാല്‍ യു പി എ യുടെ കാലത്തു മുഴുവനും ആ നാവികര്‍ ഇന്ത്യന്‍ തടവറയിലായിരുന്നു . അങ്ങയുടെ ഭരണകാലത്താണ് ഇളവ് പ്രയോജനപ്പെടുത്തി അവര്‍ ഇറ്റലിയിലേക്ക് മടങ്ങിയത്.
 
ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തും അങ്ങയുടെ നിരുത്തരവാദപരമായ വാക്കുകള്‍ ചര്‍ച്ചയായതായിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ട് എന്ന അത്യന്തം ഗൗരവകരമായ ആരോപണമാണ് അങ്ങ് പറഞ്ഞത് . രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തില്‍ ഭരണാധികാരി എന്ന നിലയില്‍ അങ്ങ് നാളിതുവരെ എന്ത് നടപടിയായാണ് സ്വീകരിച്ചത് ? ഇല്ലാത്ത ഒരു കാര്യത്തില്‍ എന്ത് നടപടിയാണ് എടുക്കുക അല്ലേ. രാഷ്ട്രീയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അങ്ങ് രാജ്യത്തിന്റെ , എല്ലാവരുടെയും പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുത്.
 
സ്‌നേഹത്തോടെ
ഉമ്മന്‍ ചാണ്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുവിന്റെ മരണം; പല പോസിൽ കുമ്മനം, പരിഹസിച്ച് സോഷ്യൽ മീഡിയ