Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിനു തലവേദനയായി സരിന്‍; പത്മജയുടെ നിലപാടും തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

പാലക്കാട് കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പരിചയമുള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കുമെന്ന് സരിന്‍ പ്രതീക്ഷിച്ചിരുന്നു

P.Sarin

രേണുക വേണു

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (07:58 IST)
P.Sarin

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ഡിസിസിയില്‍ തന്നെ മാങ്കൂട്ടത്തിലിനെ അംഗീകരിക്കാത്തവര്‍ ഉണ്ട്. കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ ആയ ഡോ.പി.സരിന്‍ രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തുക കൂടി ചെയ്തതോടെ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. സരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കെപിസിസി നേതൃത്വം നടത്തുന്നുണ്ട്. 
 
പാലക്കാട് കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പരിചയമുള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കുമെന്ന് സരിന്‍ പ്രതീക്ഷിച്ചിരുന്നു. പാലക്കാട് ഡിസിസിക്കുള്ളിലും സരിന് പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ പാലക്കാട് മുന്‍ എംഎല്‍എ കൂടിയായ ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി തുടക്കം മുതല്‍ നിലയുറപ്പിച്ചു. ഷാഫിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം പാലക്കാട് ഡിസിസിയുടെ താല്‍പര്യം പോലും കണക്കിലെടുക്കാതെ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നാണ് സരിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് സരിന്‍ പൂര്‍ണമായി മാറിനിന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 
 
പാലക്കാട് മണ്ഡലത്തില്‍ സരിനോടു കൂറുള്ള നേതാക്കളും പ്രവര്‍ത്തകരും ഉണ്ട്. ഇത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വോട്ടായി മാറുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് ക്യാംപിനുള്ളത്. സരിന്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ നിന്ന് ചോര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാന നേതൃത്വത്തിനു പേടിയുണ്ട്. അതുകൊണ്ടാണ് സരിനെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ മണ്ഡലം ഉറപ്പുനല്‍കിയാകും കെപിസിസി നേതൃത്വം സരിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുക. പാലക്കാട് ഡിസിസിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കുന്ന നേതാക്കളുമായും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തും. 
 
ഈയിടെ ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനു പേടിയുണ്ട്. കെ.കരുണാകരന്റെ കുടുംബത്തെ കരിവാരിത്തേച്ചവര്‍ക്കാണ് കോണ്‍ഗ്രസ് പാലക്കാട് സീറ്റ് നല്‍കിയിരിക്കുന്നതെന്നാണ് പത്മജ പറഞ്ഞത്. സഹോദരന്‍ കെ.മുരളീധരനു പാലക്കാട് സീറ്റ് നല്‍കാത്തത് എന്തുകൊണ്ടാണെന്നും പത്മജ ചോദിച്ചിരുന്നു. മുരളീധരന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാലക്കാട് ഡിസിസിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഷാഫിയുടെ പിടിവാശിയെ തുടര്‍ന്ന് മുരളധീരന്റെ പേര് പരിഗണിക്കാന്‍ പോലും കെപിസിസി നേതൃത്വം തയ്യാറായില്ല. പാലക്കാട് കരുണാകരനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോഴും ഉണ്ട്. അത്തരക്കാരുടെ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കാതെ പോകുമോ എന്നാണ് കെപിസിസി നേതൃത്വം ഭയക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു