പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ‘കാണ്മാനില്ല’. കൊച്ചി ആലുവയിലെ കുന്നുകരയില്‍ എത്തിയ ശേഷം അദ്ദേഹം രഹസ്യസങ്കേതത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഇബ്രാഹിം കുഞ്ഞിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പിഎയുടെ മൊബൈല്‍ ഫോണും ഓഫാണ്. കുന്നുകരയില്‍ എത്തുമ്പോള്‍ വരെ ഇബ്രാഹിം കുഞ്ഞിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ് ഫോണ്‍ ഓഫായത്.
അറസ്‌റ്റ് ഉണ്ടാകുമെന്ന ഭയം മൂലം ബുധനാഴ്‌ച രാത്രി എംഎല്‍എ ഹോസ്‌റ്റലിലെ മുറി പൂട്ടി താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷമാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലേക്കും കുന്നുകരയിലേക്കും പോയത്. കൊച്ചിയിലെ ഓഫീസിലും വീട്ടിലും ഇബ്രാഹിം കുഞ്ഞ് എത്തിയിട്ടില്ല.
വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയതിന് ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അറസ്‌റ്റ് കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.
കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിക്കെതിരായ അന്വേഷണസംഘത്തിന്‍റെ നീക്കം. വികെ ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ടിഒ സൂരജ് ഒപ്പിട്ട ഫയലുകള്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലന്‍സ് സംഘത്തിന് ബോധ്യപ്പെട്ടു. ഇതിന് പുറമെ നിര്‍ണായകമായ ചില വിവരങ്ങളും വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.