പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ടോള്‍ പിരിവ്; നിരക്കില്‍ മാറ്റമുണ്ടായേക്കും
ടോള്‍ പിരിവ് പുതുക്കിയേക്കുമെന്നാണ് സൂചന
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച പുനഃരാരംഭിക്കും. ഹൈക്കോടതിയുടെ ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുക.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ടോള്‍ പിരിവ് പുതുക്കിയേക്കുമെന്നാണ് സൂചന. ഹൈക്കോടതി വിധിക്കു ശേഷം മാത്രമേ നിരക്കില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാകൂ.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറ് മുതല്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.