Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതില്‍ നിന്ന് നാം പഠിക്കണം, ഈ സര്‍ക്കാരിന് തെറ്റ് പറ്റരുത്: മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

മുഖ്യമന്ത്രി പിണറായിയെ പരോക്ഷമായി ബംഗാള്‍ അനുഭവം ഓര്‍മ്മിപ്പിച്ച് പന്ന്യന്‍

ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതില്‍ നിന്ന് നാം പഠിക്കണം, ഈ സര്‍ക്കാരിന് തെറ്റ് പറ്റരുത്: മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം , ചൊവ്വ, 3 ജനുവരി 2017 (09:26 IST)
പിണറായി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ബംഗാളില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായ സാഹചര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് പന്ന്യന്‍ രംഗത്തെത്തിയത്. മുപ്പത്തിനാലു വര്‍ഷക്കാലം നമ്മള്‍ ഭരിച്ച ബംഗാള്‍ എങ്ങനെയാണ് നമ്മുടെ കയ്യില്‍നിന്ന് പോയതെന്നും പന്ന്യന്‍ രവീന്ദ്രന്‍ മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ചോദിക്കുന്നു.   
 
നിലമ്പൂരില്‍ നടന്നത് ഏറ്റുമുട്ടലാണെങ്കില്‍ അതിനൊരു തെളിവു വേണമല്ലോ? പൊലീസ് പറയുന്ന കാര്യം പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു കൈത്തോക്ക് മാത്രമാണ് അവരുടെ കയ്യില്‍ നിന്നും കിട്ടിയതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. വെറുമൊരു കൈത്തോക്കുകൊണ്ട് എങ്ങിനെയാണ് അവര്‍ ഇത്രയധികം പൊലീസുകാരുമായി ഏറ്റുമുട്ടുകയെന്നും പന്ന്യന്‍ ചോദിക്കുന്നു.
 
മാവോയിസ്റ്റുകള്‍ കേരളത്തില്‍ ഇതുവരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി തനിക്ക് അറിവില്ല. പിന്നെ എന്തിനാണ് അവരെ വെടിവെച്ചുകൊന്നത്?. നമ്മള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമുക്കെന്തെങ്കിലും പിഴവ് പറ്റിയാല്‍ സമൂഹത്തിന് വരുന്നത് വലിയ നഷ്ടമായിരിക്കും. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിയെ നയിക്കുന്നത് ജനാധിപത്യമല്ല, തനി വര്‍ഗീയതയാണെന്നും അദ്ദേഹം പറയുന്നു.
 
ആ ബിജെപിയെ നേരിടാന്‍ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ഇടതുപക്ഷ ഗവണ്മെന്റിനെയാണ്. ആ ഇടത് ഗവണ്‍മെന്റാണ് ഇപ്പോള്‍ കേരളത്തിലുളളത്. ഈ ഗവണ്‍മെന്റിന് പിഴച്ചാല്‍ ഇടതിന്റെ കൈയിലുളള വടി നഷ്ടപ്പെടും. റോഡ് വികസനം വരുമ്പോള്‍ നാലുസെന്റ് നഷ്ടപ്പെടുമ്പോള്‍ എന്തുചെയ്യും? എല്ലാം നഷ്ടപ്പെടുന്നവരുടെ വികാരം ശരിക്കും ഉള്‍ക്കൊള്ളാന്‍ നമുക്ക് പറ്റണമെന്നും പന്ന്യന്‍ ഓര്‍മപ്പെടുത്തുന്നു. 
 
യുഡിഎഫ് ഭരിച്ച കാലത്തുണ്ടായ അതേ പ്രവര്‍ത്തനങ്ങളിലേക്ക് കേരളാ പൊലീസ് പോകുന്നത് വലിയ അപകടം സൃഷ്ടിക്കും. പൊതുപ്രവര്‍ത്തകരെ പൊലീസിന് പെട്ടെന്നുകൊണ്ടുപോയി അകത്തിടാം എന്ന അവസ്ഥ വരുന്നത് അത്ര നല്ലതല്ല. ഈ ഗവണ്‍മെന്റിലുള്ളവര്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ഭരണാധികാരികളാവരുത്. എതിര്‍ത്ത് പറയുന്നവരെ കുടുക്കാന്‍ പറ്റും എന്നാലോചിക്കുന്ന സര്‍ക്കാറാകരുത് ഇതെന്നും പന്ന്യന്‍ പറഞ്ഞു. 
 
എനിക്കേറെ ബഹുമാനമുളള സഖാവാണ് പിണറായി. അടിയന്തരാവസ്ഥക്കാലത്ത് ഒരുപാട് മര്‍ദനമേറ്റ സഖാവ്. ഈ ഗവണ്‍മെന്റ് കുഴപ്പമുളള ഗവണ്‍മെന്റാണ് എന്ന അഭിപ്രായം എനിക്കില്ല. യുഎപിഎ, നിലമ്പൂര്‍ ഇതെല്ലാം കൈകാര്യം ചെയ്യുന്ന വിധം സര്‍ക്കാരിന് നല്ല പ്രതിച്ഛായയല്ല നല്‍കുന്നതെന്നുമാത്രമാണ് ഞാന്‍ പറയുന്നത്. അങ്ങിനെയായാല്‍ ജനങ്ങള്‍ സ്വപ്‌നമായി കൊണ്ടുനടക്കുന്ന ഇടത് എന്ന സ്വപ്‌നത്തിന്റെ മുനയൊടിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു