Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പരാജിതന്‍’ ഇനിയില്ല; പക്ഷേ, ആ കവിതകളും എഴുത്തുകളും എന്നുമുണ്ടാകും

‘പരാജിതന്‍’ ഇനിയില്ല; പക്ഷേ, ആ കവിതകളും എഴുത്തുകളും എന്നുമുണ്ടാകും

‘പരാജിതന്‍’ ഇനിയില്ല; പക്ഷേ, ആ കവിതകളും എഴുത്തുകളും എന്നുമുണ്ടാകും
കൊച്ചി , ചൊവ്വ, 28 ജൂണ്‍ 2016 (15:59 IST)
ബ്ലോഗ് എന്നത്  മലയാളത്തിനും മലയാളിക്കും അത്ര സുപരിചിതമല്ലാതിരുന്ന ഒരു കാലത്ത് ബ്ലോഗ് എഴുത്തിലൂടെ മലയാളത്തിന് പരിചിതനായ ആളായിരുന്നു ‘പരാജിതന്‍’ അല്ല ഹരികൃഷ്‌ണന്‍. മലയാളത്തിലെ എണ്ണപ്പെട്ട ബ്ലോഗുകളില്‍ പ്രധാനപ്പെട്ടതായിരുന്നു ഹരികൃഷ്‌ണന്‍ എഴുതിയിരുന്ന ‘പരാജിതന്‍’ എന്ന ബ്ലോഗ്.
 
ബ്ലോഗ് എഴുത്തിനെ മലയാളത്തിനു പരിചയപ്പെടുത്തിയ ആളായി മാത്രമല്ല നിരവധി പ്രമുഖ എഴുത്തുകാര്‍ക്ക് ബ്ലോഗിന്റെ വഴി കാണിച്ചു കൊടുത്തതും ഹരികൃഷ്‌ണന്‍ ആയിരുന്നു. പരാജിതനെ കൂടാതെ അരൂപി, മൊഴിമാറ്റം എന്നീ കവിത ബ്ലോഗുകളും ഹരിയുടേതായി ഉണ്ടായിരുന്നു. ഇതില്‍ മൊഴിമാറ്റം എന്ന ബ്ലോഗില്‍ വിവര്‍ത്തനങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
 
പരാജിതന്‍ എന്ന പേരിലായിരുന്നു ബ്ലോഗില്‍ എഴുതിയിരുന്നത്. ബ്ലോഗുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മകമായ ചര്‍ച്ച നയിക്കുന്നതിലും സജീവമായിരുന്നു ഹരികൃഷ്‌ണന്‍. രക്താര്‍ബുദത്തെ തുടര്‍ന്ന് മരണത്തിന്റെ പിടിയിലമരുമ്പോഴും കൂട്ടുകാര്‍ അത് വിശ്വസിക്കാന്‍ പാടുപെടുന്നതും അതുകൊണ്ടു തന്നെ.
 
കറുത്ത ഹാസ്യത്തിന്റെ കൂട്ടുകാരന്‍ ആയിരുന്നു ഹരികൃഷ്‌ണന്‍. അതുകൊണ്ടു തന്നെ അസുഖവിവരം സുഹൃത്തുക്കളെ അറിയിച്ചതും ആശുപതിയില്‍ ജോലി കിട്ടി എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഹരിയുടെ മരണവിവരം അറിഞ്ഞ കൂട്ടുകാര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും കറുത്ത ഹാസ്യത്തോടെ ആയിരുന്നു, ‘ഹരി ആശുപത്രി ജോലിയില്‍ നിന്നും രാജിവെച്ചു’ എന്നായിരുന്നു അത്.
 
പരാജിതന്‍ എന്ന പേരില്‍ നിരവധി വിഷയങ്ങള്‍ ആയിരുന്നു ഹരി കൈകാര്യം ചെയ്തത്. സാഹിത്യവും സിനിമയും രാഷ്‌ട്രീയവും സംഗീതവുമെല്ലാം അതില്‍ നിറഞ്ഞുനിന്നു. അരൂപി എന്ന ബ്ലോഗില്‍ കവിതകള്‍ ആയിരുന്നു. 
 
മൗനം
 
നിന്റെ മൗനം
ശൂന്യമായ താളുകള്‍ മാത്രമുള്ള
ഒരു പുസ്തകമായിരുന്നു.
 
ഞാനത്‌
വായിക്കാനായി കടം വാങ്ങി.
ഒന്നും വായിക്കാന്‍ കഴിയില്ലെന്നറിയാം.
എങ്കിലും
തിരികെ തരാന്‍ തോന്നുന്നില്ല.
 
മൌനം എന്ന കവിതയില്‍ മൌനത്തെ എത്ര ശക്തമായി ചെറിയ വാക്കുകളില്‍ ഒളിപ്പിച്ചി വെച്ചിരിക്കുന്നു. മൌനം കൂടാതെ, നക്ഷത്രം, കവരത്തി ദ്വീപ്, പ്രതിബിംബം, വെറുപ്പ്, തടസ്സം അങ്ങനെയങ്ങനെ വായനക്കാരെ പിടിച്ചുനിര്‍ത്തിയ എത്രയെത്ര കവിതകള്‍.
 
മൊഴിമാറ്റം എന്ന ബ്ലോഗില്‍ മൊഴിമാറ്റത്തിലൂടെ റെയ്‌നെര്‍ മരിയ റില്‍ക്കേയും പൗലോ കൊയ്‌ലോയും റിച്ചാര്‍ഡ്‌ ബ്രോറ്റിഗനും ഒക്കെ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിച്ചു. 
 
പ്രണയകവിത
 
റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍
 
എത്ര ആനന്ദകരം,
പ്രഭാതത്തില്‍ തീര്‍ത്തും ഏകനായി ഉണരുന്നതും
ആരോടെങ്കിലും
നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന്‌
മൊഴിയേണ്ടതില്ലാത്തതും,
നിങ്ങളവരെ ഇനിമേല്‍ സ്നേഹിക്കുന്നില്ലെന്നിരിക്കെ.
 
ഇനി പുതിയതായി കവിതകളും വിവര്‍ത്തനങ്ങളും ‘പരാജിതന്‍’ വായനക്കാര്‍ക്കായി എഴുതില്ല. പക്ഷേ, എഴുതിയതെല്ലാം ഈ ഇന്റര്‍നെറ്റ് ലോകത്തില്‍ ജീവനോടെ ഉണ്ടാകും, ഈ തലമുറയ്ക്കും വരും തലമുറയ്ക്കുമായി. ഒപ്പം ഹരികൃഷ്‌ണനെക്കുറിച്ചുള്ള ഓര്‍മ്മകളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലും സദാചാര കൊലപാതകം: അര്‍ദ്ധരാത്രി പ്രവാസിയുടെ വീട്ടു പരിസരത്ത് കണ്ട യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍