മണിക്കെതിരെ നിലപാട് കടുപ്പിച്ച് പെമ്പിളൈ ഒരുമൈ; മൂന്നാറിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
തൊഴിലാളികളുടെ കാലുപിടിച്ച് മന്ത്രി മാപ്പുപറയണം; പെമ്പിളൈ ഒരുമൈയുടെ ആവശ്യങ്ങൾ ഇതൊക്കെ
മന്ത്രി എം എം മണി അശ്ശീല ചുവയുള്ള പരാമർശത്തിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ പെമ്പിളൈ ഒരുമൈ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
പെമ്പിളൈ ഒരുമൈയുടെ നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്യ തങ്കമണി എന്നിവരാണ് ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം ഇരിക്കുന്നത്. മന്ത്രി മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയും വരെ സമരം തുടരുമെന്ന നിലപാടിലാണ് സംഘടന.
മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. രണ്ടുതവണ മണി ഖേദപ്രകടനം നടത്തിയെങ്കിലും മൂന്നാറിലെത്തി മന്ത്രി മാപ്പുപറയണമെന്ന് തന്നെയാണ് പ്രതിഷേധക്കാരുടെ ശക്തമായ നിലപാട്.
ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ബി ജെ പി നേതാക്കളായ ശോഭാ സുരേന്ദ്രന്‍, വി.വി. രാജേഷ്, ബിനു ജെ. കൈമള്‍, കോണ്‍ഗ്രസ് നേതാക്കളായ ലതികാസുഭാഷ്, ബിന്ദുകൃഷ്ണ, കൊച്ചുത്രേസ്യാ പൗലോസ് എന്നിവർ സമരപന്തലിൽ എത്തിയിരുന്നു.