പിണറായി കൂട്ടക്കൊല; കൃത്യത്തിൽ മറ്റൊരാളുടെ പങ്ക് സൂചിപ്പിച്ച് സൗമ്യയുടെ ഡയറി
പിണറായി കൂട്ടക്കൊല; 'അവനെ കൊല്ലും', കൃത്യത്തിൽ മറ്റൊരാൾക്കു കൂടി പങ്കുണ്ടെന്ന് തെളിയിക്കുന്ന സൗമ്യയുടെ ഡയറി
പിണറായി കൂട്ടക്കൊലയിൽ താൻ നിരപരാധിയാണെന്നും മറ്റൊരാൾക്ക് പങ്കുണ്ടെന്നും സൂചന നൽകി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിന് മുമ്പ് സൗമ്യ എഴുതിയ ഡയറിക്കുറിപ്പിലായിരുന്നു ഈ സൂചനകൾ ലഭിച്ചത്. 'അവൻ' എന്ന് അഭിസംബോധന ചെയ്‌ത് മറ്റൊരു വ്യക്തിയെക്കുറിച്ച് സൗമ്യ പറഞ്ഞിട്ടുണ്ട്. ഇതോടെ പിണറായി കൂട്ടക്കൊലപാതകം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യം ഉയരുകയാണ്.
മൂത്ത മകളെ അഭിസംബോധന ചെയ്‌തായിരുന്നു സൗമ്യയുടെ കുറിപ്പ്. 'കിങ്ങിണീ, കൊലപാതകത്തിൽ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തിൽ എനിക്കു പങ്കില്ല എന്നു തെളിയിക്കാൻ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും’. എന്നായിരുന്നു ഡയറിക്കുറിപ്പിൽ സൗമ്യ പറയുന്നത്.
ജയിലിൽ സന്ദർശനത്തിനെത്തിയ ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധിയോടു സൗമ്യ ഇക്കാര്യം സൂചിപ്പിക്കുകയും മജിസ്‌ട്രേറ്റിന് മുമ്പിൽ ഇക്കാര്യം തുറന്നു പറയാം എന്ന് സമ്മതിക്കുകയും ചെയ്‌തതിന് ശേഷമാണ് സൗമ്യയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗമ്യയ്‌ക്ക് തനിച്ച് മൂന്നുപേരെ കൊല്ലാൻ കഴിയില്ലെന്നും മറ്റാർക്കോ ഇതിൽ പങ്കുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ഇതിന് മുമ്പേ പറഞ്ഞിരുന്നു. അന്വേഷണത്തിൽ വീഴ്‌ചയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കൾ നേരത്തേ പരാതിയും നൽകിയിരുന്നു.