Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം, ഇതിനൊന്നും മറുപടി പറയുന്നില്ല: പിണറായി

ഞാന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം, ഇതിനൊന്നും മറുപടി പറയുന്നില്ല: പിണറായി
ഇടുക്കി , ബുധന്‍, 10 ജനുവരി 2018 (21:01 IST)
ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് താന്‍ മോഷണം നടത്തിയെന്ന രീതിയിലാണ് ഇപ്പോള്‍ ചിലര്‍ പ്രചരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ താന്‍ കാണാന്‍ തയ്യാറായില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപമായി വരികയെന്നും പിണറായി പറഞ്ഞു. 
 
ഹെലികോപ്ടര്‍ വിവാദത്തേക്കുറിച്ച് പാര്‍ട്ടി വേദിയില്‍ വച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 
 
കാറിലാണല്ലോ നമ്മുടെ നാട്ടില്‍ സാധാരണ യാത്ര ചെയ്യുക. കാറില്‍ യാത്ര ചെയ്യുന്നത് എന്‍റെ പോക്കറ്റില്‍ നിന്ന് കാശെടുത്തിട്ടല്ല. എന്‍റെ കുടുംബത്തില്‍ നിന്ന് എടുത്തിട്ടുമല്ല. ആ കാശ് സര്‍ക്കാരാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയായാലും മന്ത്രിയായാലും അങ്ങനെയാണല്ലോ സാധാരണ ചെയ്യുക. ഞാന്‍ ഡല്‍ഹിയിലോ മറ്റ് സ്ഥലത്തോ പോകുന്നുണ്ടെങ്കില്‍ വിമാനത്തിലാണ് പോവുക. അതിന്‍റെ പണം സര്‍ക്കാരാണ് കൊടുക്കുന്നത്. ഏത് കണക്കില്‍ നിന്നാണ് കൊടുക്കുന്നതെന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ഏതെങ്കിലും മന്ത്രി ചോദിക്കുന്നുണ്ടോ? അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണയായി ഉദ്യോഗസ്ഥര്‍ അക്കാര്യങ്ങള്‍ ചെയ്യുകയാണ്. 
 
ജയലളിത മരണപ്പെട്ടത് ഞാന്‍ മുഖ്യമന്ത്രിയായി കുറച്ചു കഴിഞ്ഞപ്പോഴാണ്. അവിടെ പോകേണ്ടതുണ്ടായിരുന്നു. സംസ്കരിക്കുന്ന സമയമൊക്കെ നിശ്ചയിച്ചിട്ടുണ്ട്. പെട്ടെന്ന് അവിടെ എത്തണം. അന്ന് അങ്ങനെ എത്താന്‍ കഴിയുന്ന രീതിയില്‍ വിമാന സര്‍വീസ് ചെന്നൈയിലേക്ക് ഉണ്ടായിരുന്നില്ല. അപ്പോള്‍ ഒരു പ്രത്യേക വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഞാന്‍, മുന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഉമ്മന്‍‌ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഒരു പ്രത്യേക വിമാനത്തില്‍ അവിടെ പോയി.
 
ഞാന്‍ അറിഞ്ഞില്ല ഏത് അക്കൌണ്ടില്‍ നിന്നാണ് അതിന് കാശ് കൊടുത്തതെന്നൊന്നും. അതൊന്നും എന്‍റെ പണിയല്ല. ഏത് അക്കൌണ്ടില്‍ നിന്നാണ് നിങ്ങള്‍ കാശുകൊടുത്തതെന്ന് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കലാണോ എന്‍റെ പണി? മുഖ്യമന്ത്രി സഞ്ചരിച്ചാല്‍ സ്വാഭാവികമായി അവര്‍ കാശ് കൊടുക്കും. സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ എന്നര്‍ത്ഥം.
 
ഇപ്പോള്‍, ഈ പണത്തിന്‍റെ കാര്യമെടുത്താല്‍, അത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം കൊടുത്തതെന്ന് ഇന്നലെ വൈകുന്നേരമാണ് എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അപ്പോള്‍ ഞാന്‍ വിളിച്ച്, എന്താണ് അത് അങ്ങനെ എന്ന് അന്വേഷിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എടുക്കേണ്ടതില്ല, നമ്മുടെ പൊതുഫണ്ടില്‍ നിന്ന് എടുത്താല്‍ മതി എന്ന് പറയുകയും ചെയ്തു.
 
അത് അവിടെ തീര്‍ന്നു. ഇതിന് മുകളില്‍ നടക്കുന്ന മറ്റ് വര്‍ത്തമാനങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റുന്ന സ്ഥാനത്തല്ലല്ലോ ഉള്ളത്. അതുകൊണ്ട് പറയുന്നില്ല എന്നുമാത്രം. ഈ സംഭവത്തില്‍ ഒരു അപാകതയുമില്ല. നാളെയും ഇത്തരം യാത്രകള്‍ വേണ്ടിവരും. ഏത് മുഖ്യമന്ത്രിക്കും ഇത് ബാധകമാണ് എന്ന് നമ്മള്‍ മനസിലാക്കണം - പിണറായി വിജയന്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എകെജിക്കെതിരായ വിവാദ പരാമർശം: വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്, വിശദീകരണം തേടുമെന്ന് സ്പീക്കർ