Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പെര്‍ഫക്ട്, ഓകെ'; തുടര്‍ഭരണത്തിനു പിന്നിലെ ഹിറ്റ് കോംബോ

'പെര്‍ഫക്ട്, ഓകെ'; തുടര്‍ഭരണത്തിനു പിന്നിലെ ഹിറ്റ് കോംബോ
, വ്യാഴം, 6 മെയ് 2021 (15:43 IST)
ഇടതുപക്ഷം ചരിത്രവിജയം നേടി വീണ്ടും ഭരണത്തിലേറുകയാണ്. ഇടതുമുന്നണിയില്‍ എല്ലാ പാര്‍ട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. സീറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ സിപഎമ്മിനും സിപിഐയ്ക്കും മാത്രം 84 സീറ്റുകളുണ്ട്. അതായത് മറ്റു ഘടകകക്ഷികളുടെ വിലപേശലിനു വഴങ്ങാതെ ഭരിക്കാന്‍ ഇടതുമുന്നണിക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് അര്‍ത്ഥം. സിപിഎം 67 സീറ്റിലും സിപിഐ 17 സീറ്റിലും വിജയിച്ചു. മുന്നണിയില്‍ തങ്ങള്‍ തന്നെയാണ് രണ്ടാമതെന്ന് സിപിഐ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. 
 
സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പലപ്പോഴും ഇടത് സര്‍ക്കാരുകള്‍ക്ക് തലവേദനയാകാറുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനും ഈ തലവേദനയുണ്ടായിരുന്നു. പല സര്‍ക്കാര്‍ തീരുമാനങ്ങളെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. ഇത് വലിയ വാര്‍ത്തയായി. സിപിഎം, സിപിഐ പോര് വാര്‍ത്തകളില്‍ ഇടം നേടി. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, യുഎപിഎ വിഷയങ്ങളിലാണ് സിപിഐ, സര്‍ക്കാരിനെതിരെ പ്രത്യക്ഷത്തിലും പരോക്ഷമായും രംഗത്തെത്തിയത്. എന്നാല്‍, ഈ അഭിപ്രായ വ്യത്യാസങ്ങളൊന്നും അധികം നീണ്ടുപോയില്ല. 
 
എല്ലാ കാര്യത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല സിപിഐയുടെ പണിയെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത് വലിയ വാര്‍ത്തയായി. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തില്‍ ആയപ്പോള്‍ ഇടതുമുന്നണി ഒറ്റക്കെട്ടായാണ് അതിനെ നേരിട്ടത്. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ സിപിഐയും രംഗത്തുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഈ ഐക്യം തിരഞ്ഞെടുപ്പ് ഘട്ടത്തിലും കൂടുതല്‍ ദൃഢമായി. 
 
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യതിരുവിതാംകൂറില്‍ മികച്ച മുന്നേറ്റമാണ് ഇടതുമുന്നണി കാഴ്ചവച്ചത്. ഇതിനു പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനം നിസ്തുലമാണ്. കൃത്യസമയത്താണ് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലേക്ക് കൊണ്ടുവന്നത്. കേരള കോണ്‍ഗ്രസിനോട് മമതയില്ലാതിരുന്ന കാനം ആദ്യമൊക്കെ ഈ വരവിനെ എതിര്‍ത്തിരുന്നെങ്കിലും സിപിഎമ്മിന്റെ ഇടപെടല്‍ നിര്‍ണായകമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പലവട്ടം കാനവുമായി ചര്‍ച്ച നടത്തി. ഒടുവില്‍ പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകളില്‍ കാനം വഴങ്ങി. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ കാനം ഉറച്ച നിലപാടുമായി നിന്നിരുന്നെങ്കില്‍ മുന്നണി പ്രവേശനം അസാധ്യമാകുമായിരുന്നു. 
 
കേരള കോണ്‍ഗ്രസ് എത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സങ്കീര്‍ണമാകുമെന്നായിരുന്നു മാധ്യമങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, അതിനെയും ഇടതുമുന്നണി എളുപ്പത്തില്‍ മറികടന്നു. സിപിഎം, സിപിഐ ഐക്യമാണ് അവിടെയും കാര്യങ്ങള്‍ എളുപ്പമാക്കിയത്. 2016 ല്‍ മത്സരിച്ച 27 സീറ്റുകളില്‍ രണ്ടെണ്ണം കേരള കോണ്‍ഗ്രസ് എമ്മിനായി വിട്ടുനല്‍കാന്‍ കാനം സന്നദ്ധത അറിയിച്ചു. യാതൊരു പരിഭവവും ഇല്ലാതെയായിരുന്നു കാനത്തിന്റെ ഈ വിട്ടുകൊടുക്കല്‍. 
 
സ്വന്തം സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, 'കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ചത് ഇരുപത്തിയേഴ് സീറ്റില്‍ ആണ്. ഇത്തവണ ഇരുപത്തിയഞ്ച് സീറ്റില്‍ മത്സരിക്കുന്നു. സിപിഐഎം 92 സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചു. എങ്കില്‍ ഇത്തവണ 85 സീറ്റിലാണ് മത്സരിക്കുന്നത്. ഞങ്ങള്‍ക്ക് രണ്ട് സീറ്റ് കുറഞ്ഞപ്പോള്‍ സിപിഎമ്മിന് ഏഴ് സീറ്റ് കുറഞ്ഞു. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ അവരെ ഉള്‍ക്കൊള്ളേണ്ട ബാധ്യത എല്ലാവര്‍ക്കും ഉണ്ട്. പതിനൊന്നു ജനാധിപത്യ കക്ഷികള്‍ ഉള്ള മുന്നണിയാണ് ഞങ്ങളുടേത്,' സമീപകാലത്തെ ചരിത്രത്തിലൊന്നും കാണാത്ത ഭരണത്തുടര്‍ച്ച ഇടതുമുന്നണി സ്വന്തമാക്കിയത് സിപിഎം-സിപിഐ കൂട്ടുക്കെട്ടിലൂടെയാണ്, അതിനുമപ്പുറം പിണറായി-കാനം കൂട്ടുക്കെട്ടിന്റെ വിജയം കൂടിയാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ എന്നുകേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പേടിക്കേണ്ട: തോമസ് ഐസക്