Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ പര്യവേക്ഷണങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകരുന്നതാണ് ചന്ദ്രയാന്‍-3 ന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഓഗസ്റ്റ് 2023 (19:53 IST)
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാന്‍-3 ന്റെ  വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. 2019ല്‍ ചന്ദ്രയാന്‍-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാന്‍ഡര്‍ മൊഡ്യൂള്‍ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാന്‍ഡ് ചെയ്യിപ്പിച്ചു. മുന്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമാവുന്നത്. ചന്ദ്രയാന്‍-3 അതിനൊരു വലിയ ദൃഷ്ടാന്തമാണ്. 
 
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകരുന്നതാണ് ചന്ദ്രയാന്‍-3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സര്‍വ്വതല സ്പര്‍ശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാന്‍-3. ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. 
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് ഉള്‍പ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയര്‍ക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണുകാണാനെത്തിയ ആൾ മാലപൊട്ടിച്ചു കടന്നു : നാട്ടുകാർ അക്രമിയെ പിടികൂടി