തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം
						
		
						
				
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ നയിക്കാനുള്ള പുതുവഴികള്‍' എന്ന വികസന രേഖ സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിച്ചത്
			
		          
	  
	
		
										
								
																	
	നവകേരളത്തിലേക്കുള്ള പുതുവഴികള്‍ ഒറ്റക്കെട്ടായി ചര്‍ച്ച ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനം. മഹാമാരികളെ അതിജീവിച്ച കേരളത്തെ വികസിത രാജ്യങ്ങള്‍ക്കു തുല്യമായി പടുത്തുയര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മനസിലാക്കി അതിനുതുകുന്ന നയങ്ങളും പദ്ധതികളുമാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുന്നത്. കേവലം ഭരണത്തുടര്‍ച്ചയ്ക്കു അപ്പുറം വികസനത്തുടര്‍ച്ചയ്ക്കുള്ള ബദല്‍നയം രൂപപ്പെടുത്താന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. 
 
 			
 
 			
					
			        							
								
																	
	 
	സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ നയിക്കാനുള്ള പുതുവഴികള്‍' എന്ന വികസന രേഖ സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിജ്ഞാനസമൂഹം പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയതാണ് വികസനരേഖ. 
	 
	തലമുറ മാറ്റത്തിനുള്ള സൂചനകള്‍ കൂടി നല്‍കുന്നതാണ് കൊല്ലം സംസ്ഥാന സമ്മേളനം. പിണറായി വിജയന്‍ തുടരുമെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരണം നടത്തുമ്പോഴും ഭാവിയില്‍ പാര്‍ട്ടിക്ക് വേണ്ടത് എന്തൊക്കെയാണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള തീരുമാനങ്ങളാണ് സംസ്ഥാന സമ്മേളനം കൈക്കൊള്ളുക. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയം. ആര് നയിക്കും എന്ന ചര്‍ച്ചയേക്കാള്‍ 'എന്തൊക്കെ ചെയ്യണം' എന്ന കേന്ദ്രത്തില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 
	 
	പിണറായി തന്നെ തുടരണമെങ്കില്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ച രണ്ട് നിബന്ധനകളില്‍ ഇളവ് വേണം. സംഘടനാ പദവി വഹിക്കാനുള്ള പ്രായപരിധി നിലവില്‍ 75 ആണ്. പിണറായിക്ക് അടുത്ത മേയില്‍ 80 തികയും. രണ്ട് ടേം നിബന്ധനയിലും മാറ്റം വരുത്തേണ്ടി വരും. തനിക്കു വേണ്ടി മാത്രം ഈ രണ്ട് നിബന്ധനകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് പിണറായി. മുന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായതിനാല്‍ 'ദീര്‍ഘകാലത്തേക്ക് എന്തുവേണം' എന്നതിനാണ് പിണറായി നല്‍കുന്ന പ്രയോരിറ്റി. നിലവിലെ മന്ത്രിസഭയിലുള്ള പ്രമുഖര്‍ ആയിരിക്കും ഭാവിയില്‍ പാര്‍ട്ടിയെയും ഇടതുപക്ഷ സര്‍ക്കാരിനെയും നയിക്കുക. അതിനുള്ള തന്ത്രങ്ങളാണ് പിണറായി മെനയുന്നത്. നിലവിലെ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയ നേതാക്കളും മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കെ.രാധാകൃഷ്ണന്‍, കെ.കെ.ശൈലജ എന്നിവരും സുപ്രധാന സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണ്.