Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിൻറെ ലജ്ജയില്ലായ്‌മയാണ് അവരുടെ പരിതാപകരമായ സ്ഥിതിക്ക് കാരണം: പിണറായി

നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിൻറെ ലജ്ജയില്ലായ്‌മയാണ് അവരുടെ പരിതാപകരമായ സ്ഥിതിക്ക് കാരണം: പിണറായി

ജോൺസി ഫെലിക്‌സ്

, ശനി, 19 ഡിസം‌ബര്‍ 2020 (19:54 IST)
സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്. 

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ  യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? 
 
ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിൻ്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിൻ്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു  എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.   
 
നാല്  വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം.  യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ  പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പില്‍ ബില്‍കുല്‍ വിജയിച്ചു, ലവനും കുശനും തോറ്റു