പുതിയ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി മടങ്ങിവരണമെന്ന് 99.9 ശതമാനം നേതാക്കളും ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.
കോൺഗ്രസിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നാളെ മുതൽ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസിൽ നേതൃത്വപരവും സംഘടനാപരവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ കത്തെഴുതിയ 23 വിമതരുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തുംമെന്നും സുർജേവാല പറഞ്ഞു.
അതേസമയം താനടക്കം 99.9% പേരും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരികെ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയാണ് എടുക്കേണ്ടതെന്നും രൺദീപ് സുർജേവാല കൂട്ടിച്ചേർത്തു. 2017ൽ സോണിയ ഗാന്ധിയിൽ നിന്നും പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി 2019ലെ ദേശീയ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കഴിഞ്ഞ വർഷം രാജിവെക്കുകയായിരുന്നു.