കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പിൽ നിലയാട് മയപ്പെടുത്തി പിജെ ജോസഫ് വിഭാഗം. യുഡിഫുമായുള്ള ചർച്ചകൾക്ക് ശേഷം സമാന്തര പ്രചരണത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന് കോട്ടയം ജില്ലാ കമ്മറ്റിക് പിജെ ജോസഫ് നിർദേശം നൽകി. കോൺഗ്രസ് നേതാക്കൾ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെട്ടതോടെയാണ് പി ജെ ജോസഫ് നിലപട് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
മണ്ഡലത്തിൽ ഒന്നിച്ചുള്ള പ്രചരണത്തിന് നിലവിൽ സാഹചര്യം ഇല്ല എന്ന് പിജെ ജോസഫ് തുറന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ വീണ്ടും അനുനയ നീങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാലയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പിജെ ജോസഫുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് സമാന്തര പ്രചരണം ഉടൻ വേണ്ടെന്ന തിരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്.
വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടുണ്ട്. സമാന്തര പ്രചരണത്തിൽ ചർച്ച ചെയത് തീരുമാനം എടുക്കുമെന്നും ഇതിനായി മോൺസ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചുമതലപ്പെടുത്തിയതായും പിജെ ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രചരണത്തിന്റെ കാര്യത്തിൽ ജോസഫ് വിഭാഗം അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ടുകൾ.