കാമുകിയെ കാണാൻ എൻഐഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവാവ് വീട്ടിലെത്തി, നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
കാമുകിയെ തേടി കാമുകൻ വീട്ടിൽ, നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവാവ് എൻഐഐ ഉദ്യോഗസ്ഥനായി
കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും യുവതിയുടെ അച്ഛനും ചേർന്ന് പൊലീസിലേൽപ്പിച്ചു. ഇടുക്കി ചപ്പാത്ത് കരിന്തരുവി പാലത്തിനുസമീപമാണ് സംഭവം. വീട്ടിലെത്തിയ യുവാവിനെ കാമുകിയുടെ അച്ഛൻ ചോദ്യം ചെയ്തപ്പോൾ താൻ എൻ ഐ ഐ ഉദ്യേഗസ്ഥനാനെന്നും ചില പ്രധാന കേസുകൾ അന്വേഷിക്കാൻ വന്നതാണെന്നും യുവാവ് പറഞ്ഞു. സംശയം തോന്നിയ ഇയാൾ നാട്ടുകാരെ വിളിക്കുകയായിരുന്നു.
നാട്ടുകാർ ചോദിച്ചപ്പോഴും ഇയാൾ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ഇവർ തന്നെയാണ് ഉപ്പുതറ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് സത്യം പറഞ്ഞത്. കാമുകനാണെന്നും കാമുകിയെ കാണാൻ എത്തിയതാണെന്നും യുവാവ് വ്യക്തമാക്കി. സത്യം പുറത്തുവന്നതോടെ താക്കീതുനൽകി യുവാവിനെ വിട്ടയച്ചു.