കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്
യുവജന വിപ്ലവത്തിന് സമയമായെന്നും ആദവ് കുറുപ്പില്‍ പറഞ്ഞിരുന്നു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനക്കെതിരെ കേസെടുത്ത് പോലീസ്. പോലീസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ആദാവ് അര്‍ജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയമായെന്നും ആദവ് കുറുപ്പില്‍ പറഞ്ഞിരുന്നു.
കൂടാതെ ശ്രീലങ്കയും നേപ്പാളും ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പോസ്റ്റ് വിവാദമായതോടെ ആദാവ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി ടിവികെ അധ്യക്ഷന്‍ വിജയ്. കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായിട്ടാണ് ടിവികെ അധ്യക്ഷന്‍ വിജയ് പ്രതികരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വിജയുടെ പ്രതികരണം. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസ്സില്‍ വേദനമാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.
സി എം സാര്‍ തന്നോട് എന്തുമായിക്കോളൂ എന്നും ഇങ്ങനെ വേണമായിരുന്നോ എന്നും വിജയ് ചോദിച്ചു. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പോലീസിനെ സമീപിച്ചത്. പോലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.