പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടോ? സ്റ്റേഷനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പരാതി നല്‍കാം
സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ അവിടെത്തന്നെയുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ക്യുആര്‍ കോഡ് കോഡ് സ്‌കാന്‍ ചെയ്തു പരാതി നല്‍കാന്‍ അവസരം. മലപ്പുറം ജില്ലയിലാണ് പദ്ധതി നിലവില്‍ വന്നിരിക്കുന്നത്. മലപ്പുറം ജില്ലയ്ക്കു പുറമേ തൃശൂര്‍ സിറ്റിയിലും തുടക്കത്തില്‍ ഈ സേവനം ലഭ്യമാകും. അതിനുശേഷം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനം.
സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ അവിടെത്തന്നെയുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. അതിനാല്‍ വൈകാതെ പരാതിയില്‍ നടപടിയുണ്ടാകും.
പൊലീസില്‍ നല്‍കുന്ന പരാതി സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍ പറഞ്ഞു.