മുഖ്യമന്ത്രി ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്, ബെഹ്‌റയില്‍ വിശ്വാസമില്ല: ജിഷ്ണുവിന്റെ അമ്മാവന്‍
ജിഷ്ണുവിന് നീതി ലഭിക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ല; ജിഷ്ണുവിന്റെ അമ്മാവന്‍
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇനി തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജിഷ്ണു പ്രണോയ്‌യുടെ അമ്മാവൻ ശ്രീജിത്ത്. ഡി ജി പിയുടെ ഓഫീസിനു മുന്നില്‍ സമരം പാടില്ല എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് എംഎ ബേബിയുടെ നിലപാടാണ്. പൊലീസ് സ്റ്റേഷനുകളില്‍ സമരമാകാമെങ്കില്‍ ഡി ജി പി ഓഫീസിനു മുന്നിലും സമരമാകാമെന്ന് ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് കേട്ടാല്‍ അറയ്ക്കുന്ന ചീത്തവിളിച്ചുവെന്നും ശ്രീജിത്ത് ആരോപിക്കുന്നു. തന്റെ സഹോദരിയെ തെറിവിളിയ്ക്കരുതെന്നാവശ്യപ്പെട്ടപ്പോള്‍ പൊലീസ് മര്‍ദ്ദിച്ചു. കഴുത്തിന് പിടിച്ച് ഞെരിച്ചതിനാല്‍ സംസാരിക്കാന്‍ പാടുപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലില്‍ 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിക്കിടെയായിരുന്നു ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. ജിഷ്ണുവിന് നീതി ലഭ്യമാക്കാനായി നടത്തുന്ന സമരത്തില്‍ ഒരാളുടേയും പങ്കാളിത്തം ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. പല കാര്യങ്ങളും ഇന്നലെ അന്വേഷിച്ചപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു.