ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികള്‍ക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനമായ തപാല്‍ വോട്ടിനു അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥന്റെ പേര് ഉള്‍പ്പെട്ടിട്ടുള്ള നിയമസഭ മണ്ഡലത്തിലെ വരണാധികാരിക്ക് ഫോം 12ലെ അപേക്ഷ പൂരിപ്പിച്ചു ഇലക്ഷന്‍ ഡ്യൂട്ടി ഓര്‍ഡറുമായി ഏപ്രില്‍ നാലു വരെ സമര്‍പ്പിക്കാം.
ഫോമില്‍ പേര്, മണ്ഡലത്തിന്റെ പേരും നമ്പറും, പട്ടികയുടെ പാര്‍ട്ട് നമ്പര്‍, പട്ടികയിലെ ക്രമനമ്പര്‍, തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട മണ്ഡലത്തിലെ നമ്പര്‍ പേര്, തപാല്‍ ബാലറ്റ് അയച്ചു നല്‍കേണ്ട വിലാസം എന്നിവ ശരിയായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെട്ട മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ അദ്ദേഹത്തിന് തപാല്‍ ബാലറ്റ് അനുവദിക്കുന്നു.
അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്കാണ് ബാലറ്റ് അയക്കുക. ഇതില്‍ ബാലറ്റിനൊപ്പം ഫോം 13എ മാതൃകയിലുള്ള പ്രഖ്യാപനം, 13ബി മാതൃകയിലുള്ള ചെറിയ കവര്‍,13സി മാതൃകയിലുള്ള വലിയ കവര്‍,13ഡി മാതൃകയിലുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉണ്ടാകും. ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുമ്പാകെയാണ് തപാല്‍ വോട്ട് ലഭിച്ച ഉദ്യോഗസ്ഥന്‍ 13എ പൂരിപ്പിച്ചു ഒപ്പ് വെയ്‌ക്കേണ്ടത്. ഇദ്ദേഹത്തിന്റെ ഒപ്പ് ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.