Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്നു: വി മുരളീധരന്‍

ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്നു: വി മുരളീധരന്‍
തിരുവനന്തപുരം , വെള്ളി, 8 ജൂണ്‍ 2018 (15:23 IST)
ദേശീയത എന്ന വികാരമാണ് സ്വയം‌സേവകരെയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ഒരുമിപ്പിക്കുന്ന ഘടകമെന്ന് ബി ജെ പി നേതാവ് വി മുരളീധരന്‍ എം‌പി. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിനെ മഹാനായ ഭാരത പുത്രന്‍ എന്ന് മുന്‍ രാഷ്ട്രപതി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട വായനയുടെയും അറിവിന്റെയും പശ്ചാത്തലത്തിലാണെന്നും മുരളീധരന്‍.
 
വി മുരളീധരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണ്. മര്യാദക്ക് ഭരിക്കാന്‍ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീര്‍ക്കുന്നത് ആര്‍എസ്എസിനോടാണ്. വാട്സ് ആപ് ഹര്‍ത്താല്‍ മുതല്‍ നിപ വൈറസ് വരെ ഉള്ള വിഷയങ്ങളില്‍ ആര്‍എസ്എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സിപിഎം ശൈലി. 
 
പാലക്കാട് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് മുതല്‍ ക്ഷേത്രങ്ങളിലെ ശാഖ നിരോധിക്കുമെന്ന പ്രഖ്യാപനം വരെ, പിണറായി വിജയന്‍ എന്തിനാണിങ്ങനെ സ്വയം അപഹാസ്യനാവുന്നത്? പിണറായിയുടെ ആര്‍എസ്എസ് ഫോബിയയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത് ചെല്ലുകയും ത്രിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് സമാരോപില്‍ സംസാരിക്കുകയും ചെയ്തതിന് പിണറായി വിജയന്‍ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുവാകുന്നത് ?
 
ആര്‍എസ്എസും സിപിഎമ്മും (സിപിഐ) സമാന കാലത്ത് പ്രവര്‍ത്തനമാരംഭിച്ച സംഘടനകളാണ്. രണ്ടും ഇന്നെവിടെ എത്തി നില്‍ക്കുന്നു എന്ന് നോക്കിയാല്‍ സിപിഎമ്മിന്റെ പാപ്പരത്തവും ദാരിദ്ര്യവും മനസ്സിലാവും.
 
ആശയധാരകളില്‍ വ്യത്യസ്തത ഉണ്ടാകാമെങ്കിലും ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്ന ഘടകമാണ്. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിനെ മഹാനായ ഭാരത പുത്രന്‍ എന്ന് മുന്‍ രാഷ്ട്രപതി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട വായനയുടെയും അറിവിന്റെയും പശ്ചാത്തലത്തിലാണ്. ദേശാഭിമാനി പത്രാധിപരായിരുന്ന ശ്രീ. വി ടി ഇന്ദുചൂഡനടക്കം സംഘ പ്രഭാവത്തില്‍ ആകൃഷ്ടനായത് ഈ കേരളത്തില്‍ നടന്ന ചരിത്രമാണ്. പിണറായിയെപ്പോലെ ഉള്ളവര്‍ അസഹിഷ്ണുത തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ പേര്‍ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുല്‍കുകയേ ഉള്ളൂ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. എന്തായാലും പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞങ്ങളാരും ശാഖയില്‍ പോയത് എന്ന് മാത്രം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മാണി എരങ്ങയെ പോലെ, മൃതസഞ്ജീവനി കൊടുത്താൽ പോലും ഇനി യു ഡി എഫ് രക്ഷപ്പെടില്ല‘: വെള്ളാപ്പള്ളി