Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്തരം ആക്ഷേപങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന്റേത്, ചെറിയ വിഷമമൊക്കെ തോന്നി: മന്ത്രി ആര്‍.ബിന്ദു

അത്തരം ആക്ഷേപങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന്റേത്, ചെറിയ വിഷമമൊക്കെ തോന്നി: മന്ത്രി ആര്‍.ബിന്ദു
, വെള്ളി, 21 മെയ് 2021 (13:20 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രൊഫ.ആര്‍.ബിന്ദുവാണ്. ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ചാണ് ബിന്ദു നിയമസഭയിലെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍, സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന എ.വിജയരാഘവനാണ് ബിന്ദുവിന്റെ ജീവിതപങ്കാളി. മന്ത്രിസ്ഥാനം ലഭിച്ചതുമായി ബന്ധപ്പെട്ട് ബിന്ദുവിനെതിരെ വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുകയാണ് പുതിയ മന്ത്രി. 
 
തന്നെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്ക് അടുത്ത അഞ്ചാറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് മന്ത്രി പറഞ്ഞു. പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണെന്നും അത് നിറവേറ്റുമെന്നും വെബ് ദുനിയ മലയാളത്തോട് മന്ത്രി പറഞ്ഞു. 
 
'എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മധുരമായ മറുപടിയാണ് ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയത്. ഈ പരിഹാസങ്ങള്‍ക്കെല്ലാം രാഷ്ട്രീയലക്ഷ്യമുണ്ട്. വിജയരാഘവന്റെ ഭാര്യയായതല്ല എന്റെ രാഷ്ട്രീയ ജീവിതം. വര്‍ഷങ്ങളായി ഞാന്‍ രാഷ്ട്രീയരംഗത്തുണ്ട്. ഈ അധിക്ഷേപങ്ങളെല്ലാം സ്ത്രീവിരുദ്ധമാണ്. പുരുഷാധിപത്യ സമൂഹത്തില്‍ കട്ടപിടിച്ചു നില്‍ക്കുന്നതാണ് ഇതെല്ലാം. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതുകൊണ്ട് പാര്‍ട്ടിയെ ആക്രമിക്കുകയാണ് ഈ അധിക്ഷേപങ്ങള്‍ കൊണ്ട് ഇവര്‍ ലക്ഷ്യമിടുന്നത്. ചെറിയ സങ്കടമൊക്കെ തോന്നാറുണ്ട്. നെഗറ്റീവ് കമന്റുകള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയാണ് നല്ലത്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കുറേ കേട്ടിട്ടുള്ളതാണ്. വര്‍ഷം കുറേയായില്ലേ ഈ രംഗത്ത്. തൃശൂര്‍ മേയര്‍ ആയിരുന്നപ്പോഴും എന്തെല്ലാം കേട്ടു. ഇതിന്റെയൊക്കെ പിന്നാലെ പോയാല്‍ ജോലി ചെയ്യാന്‍ കഴിയില്ല. ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുകയാണ് ലക്ഷ്യം. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടിയും സര്‍ക്കാരും എന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ കാഴ്ചപ്പാട് അനുസരിച്ച് ഉന്നതവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവരാന്‍ ആത്മാര്‍ഥമായി ജോലി ചെയ്യും,' മന്ത്രി പറഞ്ഞു. 

വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമാണ് ആര്‍.ബിന്ദു. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരി എയ്ഞ്ചലാ കാര്‍ട്ടറിന്റെ കൃതികളെ ആസ്പദമാക്കി ലിംഗ പദവിയും ഉത്തരാധുനികതയും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കഥകളി, നൃത്തം, രചനാ മത്സരങ്ങളില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ തിളങ്ങി. കേരള വര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റ അംഗം, പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയായ AKPCTA യുടെ സംസ്ഥാന നേതാവ്, സെനറ്റ് അംഗം, 2000 മുതല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, 2005 മുതല്‍ തൃശൂര്‍  മേയര്‍ എന്നീ പദവികളെല്ലാം വഹിച്ചിട്ടുണ്ട്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: ഒരു മരണം, നാലുപേരെ കാണാനില്ല